എറണാകുളം : കൊച്ചിയിൽ നിന്നും യുവാവിനെ ഗോവയിലെത്തിച്ച് (Goa) കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഗോവയിലെത്തിച്ച് കൊച്ചി പൊലീസ് തെളിവെടുപ്പ് (Evidence collection by police) നടത്തി. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിനെ (Jeff john louis murder) ഉത്തര ഗോവയിലെ വാഗതോർ ഗ്രാമത്തിൽ വച്ച് കൊലപ്പെടുത്തിയതായി പ്രതികൾ സമ്മതിച്ചു. മൃതദേഹം മലയ്ക്ക് മുകളിൽ ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകി.
ഈ കേസിലെ പ്രതികളും കോട്ടയം സ്വദേശികളുമായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്‌ണു എന്നിവരുമായി കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഗോവയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഒരു ദിവസം കൂടി ഗോവയിൽ പ്രതികളുമായി പൊലീസ് അന്വേഷണം തുടരും. അതേസമയം 2021 നവംബറിൽ ഒരു അജ്ഞാത മൃതദേഹം മലമുകളിൽ നിന്ന് ലഭിച്ചതായി ഗോവ പൊലീസിൽ നിന്നും കൊച്ചി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു (16.09.2023) പ്രതികളെ അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്. റിമാന്‍ഡ് ചെയ്‌ത പ്രതികളെ പൊലീസിന്‍റെ അപേക്ഷ പരിഗണിച്ച് പതിമൂന്ന് ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയായിരുന്നു. 2021ല്‍ കൊച്ചിയില്‍ നിന്ന് കാണാതായ ജെഫ് ജോണിനെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് എംബിഎ ബിരുദധാരിയും ഇരുപത്തിയേഴുകാരനുമായ യുവാവ് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പ്രതികളെ കസ്‌റ്റഡിയിൽ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്‍റെ തീരോധാനവുമായി ബന്ധപ്പെട്ട് അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്‌ണു എന്നിവരെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.