എറണാകുളം : കൊച്ചിയിൽ നിന്നും യുവാവിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാന്‍ഡില്‍ (Youth Missing From Kochi Killed In Goa). തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ കോട്ടയം സ്വദേശികളായ അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വയനാട് സ്വദേശി വിഷ്‌ണു എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയത്. 2021ല്‍ കൊച്ചിയില്‍ നിന്ന് കാണാതായ ജെഫ് ജോണിനെ തേടിയുള്ള അന്വേഷണത്തിനൊടുവിലാണ് എംബിഎ ബിരുദധാരിയും ഇരുപത്തിയേഴുകാരനുമായ യുവാവ് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ പ്രതികളെ കസ്‌റ്റഡിയിൽ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. തേവര സ്വദേശി ജെഫ് ജോണ്‍ ലൂയീസിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അനില്‍ ചാക്കോ, സ്‌റ്റെഫിന്‍, വിഷ്‌ണു എന്നിവരെ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല.
പ്രതികളിലൊരാളായ വിഷ്‌ണുവിനെ തുടർച്ചയായി ചോദ്യം ചെയ്‌തതോടെയാണ് ആസൂത്രിതമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 2021 നവംബറിലാണ് ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. പ്രതികൾ ജെഫ് ജോണുമായി അടുപ്പമുള്ളവരായിരുന്നു.
ഇതില്‍ അനില്‍ ചാക്കോയെ മയക്കുമരുന്ന് കേസില്‍ പെടുത്താന്‍ ജെഫ് ജോണ്‍ ശ്രമിച്ചു എന്ന വിരോധത്തെ തുടര്‍ന്ന് അനിലും സ്‌റ്റെഫിനും വിഷ്‌ണുവും ചേര്‍ന്ന് ആസൂത്രണം ചെയ്‌ത് കൊല നടത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ജെഫ് ജോണുമായുള്ള സാമ്പത്തിക ഇടപാടുകളും പ്രതികളുമായുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായതായി പൊലീസ് പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത് ജെഫ് ജോണിനെ ഗോവയിലെത്തിക്കുകയും ഒരുമിച്ച് ലഹരി ഉപയോഗിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിൽ അറസ്‌റ്റിലായ പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒന്നാം പ്രതി അനിലിനെതിരെ കാപ്പ ചുമത്തിയിരുന്നു. രണ്ടാം പ്രതി സ്‌റ്റെഫിന്‍ മയക്കുമരുന്നുകേസിലും വധശ്രമക്കേസിലും പ്രതിയാണ്.