എറണാകുളം : ഷവര്‍മ കഴിച്ച് യുവാവ് മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാക്കനാട്ടെ ഹോട്ടലിനെതിരെ നടപടിക്കൊരുങ്ങി നഗരസഭ ആരോഗ്യ വിഭാഗം. അതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറ് പേര്‍ക്ക് കൂടി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു (Food Poison Death Kochi).
ഒക്‌ടോബര്‍ 18ന് ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിച്ചവരാണ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സ തേടിയത്. കാക്കനാട് സ്വദേശികളായ ശ്യാംജിത് (30), ഭാര്യ അഞ്ജലി (26), ശ്യാംജിത്തിന്‍റെ സഹോദരന്‍ ശരത് (26), കൊല്ലം സ്വദേശികളായ ഐഷ്‌ന അജിത് (34), അഥര്‍വ് അജിത്ത് (8), അഷ്‌മി അജിത്ത് എന്നിവര്‍ക്കാണ് ഷവര്‍മ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥ്യമുണ്ടായത്. ഇതില്‍ ശ്യാംജിത്തും കുടുംബവും ഒക്‌ടോബര്‍ 19ന് തൃക്കാക്കര സഹകരണ ആശുപത്രിയിലും മറ്റ് മൂന്ന് പേര്‍ ഒക്‌ടോബര്‍ 20 ന് പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
ഇക്കാര്യവും നഗരസഭ ആരോഗ്യ വിഭാഗം ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആറ് പേരും ചികിത്സ തേടിയത്. എന്നാല്‍ ഭക്ഷ്യ വിഷബാധയാണ് ചികിത്സ തേടാന്‍ കാരണമെന്ന് നഗരസഭ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല (Youth Dies Due To Food Poison).
ഒക്‌ടോബര്‍ 25 നാണ് കോട്ടയം സ്വദേശിയായ രാഹുല്‍ മരിച്ചത്. കാക്കനാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാഹുല്‍ ഒക്‌ടോബര്‍ 18നാണ് മാവേലിപുരത്തെ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങി കഴിച്ചത്. ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യുകയായിരുന്നു ഷവര്‍മ. ഇത് കഴിച്ചതിന് പിന്നാലെ രാഹുലിന് ശാരീരികാസ്വസ്ഥ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു (Shawarma Food Poison).
ഒക്‌ടോബര്‍ 19ന് രാഹുല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തുടര്‍ന്ന് ഒക്‌ടോബര്‍ 22ന് രാഹുല്‍ അവശനിലയിലാകുകയായിരുന്നു. തുടര്‍ന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആശുപത്രിയിലെത്തിച്ച രാഹുലിന് ഹൃദയാഘാതമുണ്ടായതോടെ വീണ്ടും ആരോഗ്യ നില വഷളായി. ഇതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടരുന്നതിനിടെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത് (Kakkanad Le Hayath Hotel).
ആശുപത്രിയില്‍ നടത്തിയ രക്ത സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ വിഷബാധയുടെ ഭാഗമായുള്ള അണുബാധ സ്ഥിരീകരിച്ചതായാണ് സൂചന. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള രക്ത പരിശോധന ഫലം പുറത്ത് വിട്ടിട്ടില്ല. പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും വന്നാല്‍ മാത്രമെ മരണ കാരണം വ്യക്തമാകൂ. ഇതിനായുള്ള കാത്തിരിപ്പിലാണ് ഭക്ഷ്യ സുരക്ഷ വിഭാഗവും സംഭവത്തില്‍ കേസെടുത്ത തൃക്കാക്കര പൊലീസും.
Also Read:Youth Suspected Of Food Poisoning Died: ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയെന്ന് സംശയം, കൊച്ചിയിൽ മരിച്ച യുവാവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്ന്