എറണാകുളം: യൂത്ത് കോൺഗ്രസ് കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മാധ്യമ പ്രവർത്തകനും പരിക്കേറ്റു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി വേട്ടയാടുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ നിശബ്‌ദമാക്കാനുളള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി ഇഡി ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; മാധ്യമ പ്രവർത്തകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക് ബിജെപിയുടെ ഇത്തരം ശ്രമങ്ങൾക്ക് മുമ്പിൽ അടിയറവ് പറയില്ല. ബിജെപിയുടെ പോഷക സംഘടനയായി ഇ.ഡി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഒന്നാം മോദി സർക്കാറിന്‍റെ കാലത്ത് ഇ.ഡി അന്വേഷിച്ച് കോൺഗ്രസ് നേതാക്കൾ ക്രമക്കേട് നടത്തിയിട്ടില്ലെന്ന സത്യസന്ധമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് ഇ.ഡി ഡയറക്‌ടറെ തന്നെ മാറ്റി.
എല്ലാ സ്ഥലത്തും തങ്ങൾ ഇ.ഡിക്ക് എതിരാണ്. അതേസമയം ഇ.ഡിയുടെ ഇരട്ടത്താപ്പിനെ തങ്ങൾ തുറന്ന് കാണിക്കും. ഇ.ഡി കേസ് കോൺഗ്രസിന് എതിരെയാണെങ്കിൽ ഫൈവ്‌ജി വേഗതയിലും, മറ്റുള്ളവർക്ക് എതിരെയാണെങ്കിൽ ഒച്ചിന്‍റെ വേഗതയിലാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
കേരളത്തിലെ സ്വർണക്കടത്ത് കേസിൽ ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷയ്‌ക്കും, തൊഴിൽ സുരക്ഷയ്‌ക്കും ഭീഷണിയാണ് പുതിയ സൈനിക റിക്രൂട്ട്‌മെന്‍റ് പദ്ധതിയെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. എറണാകുളം ഡിസിസി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഇ.ഡി ഓഫിസിന് മുന്നിലാണ് പൊലീസ് തടഞ്ഞത്.
തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങിയതോടെ പൊലീസ് ബലം പ്രയോഗിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഒരു പ്രവർത്തകന്‍റെ തല പൊട്ടുകയും, മാധ്യമ പ്രവർത്തകന്‍റെ മുകളിലേക്ക് ബാരിക്കേഡ് വീണ് പരിക്കേൽക്കുകയും ചെയ്‌തത്. തുടര്‍ന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചതോടെ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി.