എറണാകുളം:മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് - സി.പി.എം സംഘർഷം. ഇരുവിഭാഗവും തെരുവിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽ നാടനും പുത്തൻകുരിശ് ഡി.വൈ.എസ്.പി അടക്കം നിരവധി പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു.
ധീരജിന്‍റെ കൊലപാതകത്തിൽ കഴിഞ്ഞ ദിവസം സി.പി.എം നടത്തിയ പ്രകടനത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പതാകകളും കൊടിമരവും നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിക്ഷേധിച്ച് ഇന്ന് നടന്ന കോൺഗ്രസ് - യൂത്ത് കോൺഗ്രസ് റാലി സി.പി.എം ഓഫീസിന് മുമ്പിലൂടെ കടന്നു പോകുന്നതിനിടെ ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.
മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ്-സി.പി.എം സംഘർഷം ALSO READ:കോണ്‍ഗ്രസ് അക്രമത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു: പന്ന്യൻ രവീന്ദ്രൻ
വലിയ കമ്പുകളിൽ കൊടികൾ കെട്ടി ഇരുവിഭാഗം പ്രവർത്തകരും ഒരു മണിക്കൂറോളമാണ് തെരുവിൽ അഴിഞ്ഞാടിയത്. പ്രകടനത്തിന് നേരെ കല്ലേറും തമ്മിൽ മുദ്രാവാക്യം വിളികളുമുണ്ടായി. ഇന്ന് കോൺഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനം സംഘർഷത്തിൽ കലാശിക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും എത്തിയിരുന്നു.
എന്നാൽ ഇരു വിഭാഗത്തിന്‍റെയും പ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസിന് സാധിച്ചില്ല. പൊലീസ് പലവട്ടം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയാറായില്ല. പിന്നീട് നേതാക്കൾ ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരേയും പിന്തിരിപ്പിക്കുകയായിരുന്നു.