എറണാകുളം:ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങൾക്കെതിരെ കൊച്ചിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിലും എഐവൈഎഫ് പ്രവർത്തകർ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്നിലും പ്രതിഷേധിച്ചു. അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടും, ദ്വീപിന് ഐക്യദാർഡ്യം പ്രകടപ്പിച്ചുമാണ് പ്രതിഷേധ സമരങ്ങൾ നടന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനം; കൊച്ചിയിൽ യൂത്ത് കോൺഗ്രസ് എഐവൈഎഫ് പ്രതിഷേധം യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധപരിപാടി ഹൈബി ഈഡൻ എംപിയും എഐവൈഎഫിന്‍റെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി എൻ അരുണും ഉത്ഘാടനം ചെയ്തു. കൈകൾ കറുത്ത തുണികൾ കൊണ്ട് ബന്ധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.
READ MORE:ലക്ഷദ്വീപിന്‍റെ പേരിൽ നടക്കുന്നത് കള്ളപ്രചരണങ്ങൾ: കെ സുരേന്ദ്രൻ
തെറ്റായ തീരുമാനങ്ങളെടുത്ത അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് നിവാസികൾ പ്രതിഷേധിക്കുന്നത്. ദ്വീപ് നിവാസികളുടെ ഈ ആവശ്യത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും ലക്ഷദ്വീപ് നിവാസികളുടെ ജീവിതം തകർക്കാനുള്ള ശ്രമം അംഗീകരിക്കില്ലെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം നിഷേധിച്ച് അവരുടെ ഷെഡുകൾ പൊളിച്ച് നീക്കുന്നു. അവർക്ക് ആവശ്യമില്ലാത്ത മദ്യശാലകൾ ആരംഭിക്കാൻ തീരുമാനിക്കുന്നു. ഇതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണ നൽകണമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.