എറണാകുളം : ജിമ്മും ഫിറ്റ്നസ് സെന്‍ററുകളും ഒരു കാലത്ത് പുരുഷൻമാരുടെ മാത്രം തട്ടകമായിരുന്നുവെങ്കിൽ, ഇന്ന് കാലാനുസൃതമായ മാറ്റത്തിന്‍റെ പാതയിലാണ് ഇത്തരം കേന്ദ്രങ്ങൾ (Women friendly fitness centers in Kochi). നിരവധി സ്ത്രീകളാണ് പ്രായഭേദമന്യേ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. സമൂഹത്തിന്‍റെ കാഴ്‌ചപ്പാടുകളും സ്ത്രീകൾക്കിടയിലുള്ള തെറ്റായ ധാരണകളുമായിരുന്നു സ്ത്രീകളെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നും ഒരു പരിധിവരെ അകറ്റി നിർത്തിയിരുന്നത്.
എന്നാൽ മെട്രോ നഗരമായ കൊച്ചിയിൽ സ്ത്രീ സൗഹൃദമായ ഫിറ്റ്നസ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്‌കൂൾ, കോളജ് വിദ്യാർഥിനികൾ മുതൽ പ്രായമായവര്‍ വരെയാണ് കൊച്ചിയിലെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ എത്തുന്നത്. വിദ്യാർഥിനികളും ഓഫിസ് ജോലികൾ ചെയ്യുന്ന സ്ത്രീകളും വീട്ടമ്മമാരും പ്രധാനമായും അതി രാവിലെയാണ് ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. രാവിലെ ചെയ്യുന്ന വ്യായാമം ഒരു ദിവസം മുഴുവൻ തങ്ങൾക്ക് ഊർജം പകരുന്നുവെന്നാണ് ഇവർ പറയുന്നത്.
പലരും ശരീര ഭാരം കുറയ്ക്കാനാണ് ജിമ്മുകളിലെത്തുന്നതെങ്കിലും പിന്നീടത് ശാരീരിക ക്ഷമത നില നിർത്താനുള്ള സ്ഥിരം വ്യായമായി സ്വീകരിക്കുകയാണ്. സാധാരണ സ്ത്രീകൾ ഉന്നയിക്കാറുളള സ്വാഭാവികമായ സംശയങ്ങൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകൾക്ക് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ മറുപടി ഉണ്ട്. പുരുഷൻമാരുടെ ശരീര ഘടനയിലേക്ക് മാറി പോകുമോ, ഗർഭാശയത്തെയും ഗർഭധാരണത്തെയും വ്യായാമം പ്രതികൂലമായി ബാധിക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രാപ്‌തരാണ് ഈ സ്‌ത്രീകള്‍.
സ്ത്രീകളുടെ ഫിറ്റ്നസ് നിലനിർത്തുനതിന് ആവശ്യമായ വ്യായാമ മുറകളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുള്ള പരിശീലകൻമാർക്ക് കീഴിൽ മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവരെ കണ്ടിരുന്നത് ഹെവി ലിഫ്റ്റിങ് ചെയ്യാൻ കഴിയുന്ന ഒരു ഉപകരണങ്ങളുള്ള ജിമ്മുകളായിരുന്നു. ഈയടുത്താണ് ഫംഗ്ഷണൽ ട്രൈനിങ്ങുകൾക്കും, ബോഡി വെറ്റ് എക്‌സൈസുകൾക്കും പ്രാധാന്യം നൽകുന്ന ഫിറ്റ്നസ് സെന്‍ററുകള്‍ പ്രവർത്തനം തുടങ്ങിയത്.
ഒരോരുത്തർക്കും അവരുടെ ലക്ഷ്യത്തിനനുസരിച്ചും ശരീരത്തിനനുസരിച്ചുമുള്ള ഫിറ്റ്നസ് പരിശീലനമാണ് ഇപ്പോൾ നൽകുന്നതെന്ന് ഫിറ്റ്നസ് പരിശീലകനും കൊച്ചി പനമ്പിളളി നഗറിലെ ബൗൺസ് ഫിറ്റ്നസ് സ്‌റ്റുഡിയോ ഉടമയുമായമായ അലക്‌സാണ്ടർ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷമായി ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്ന തന്‍റെ അനുഭവത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റ്നസ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായെതെന്നും അദ്ദേഹം വ്യക്തമാക്കി.