കേരളം

kerala

ETV Bharat / state

കിലോയ്ക്ക് 200 രൂപ മുതൽ 300 രൂപ വരെ; സജീവമായി ആഞ്ഞിലിച്ചക്ക വിപണി

വിപണി ഏറ്റെടുത്ത് പോഷക സമൃദ്ധമായ ആഞ്ഞിലിച്ചക്ക. കിലോയ്ക്ക് 200 രൂപ മുതൽ 300 രൂപ വരെയാണ് വിപണിയിലെ വില.

wild jackfruit demand in kochi  wild jackfruit  Artocarpus hirsutus  jackfruit demand  ആഞ്ഞിലിച്ചക്ക വിപണി  ആഞ്ഞിലിച്ചക്ക  ആഞ്ഞിലിച്ചക്ക പോഷകങ്ങൾ
ആഞ്ഞിലിച്ചക്ക

By

Published : May 15, 2023, 12:05 PM IST

സജീവമായി ആഞ്ഞിലിച്ചക്ക വിപണി

എറണാകുളം : ഒരു കാലത്ത് മലയാളിയുടെ വറുതിയുടെ കാലത്തെ പ്രധാന ഭക്ഷണമായിരുന്നു ആഞ്ഞിലിച്ചക്ക. പഴുത്തതും ആഞ്ഞിലിച്ചക്ക പുഴുങ്ങിയതുമൊക്കൊ എല്ലാ പ്രായത്തിലുള്ളവർക്കും പ്രിയപ്പെട്ടതായിരുന്നു. കാലം മാറിയതോടെ ആഞ്ഞിലി പ്ലാവ് നാട്ടിൻപുറങ്ങളിൽ നിന്ന് വരെ അപ്രത്യക്ഷമായി.

പുതു തലമുറയിൽപ്പെട്ടവരിൽ ഭൂരിഭാഗവും രൂചിയേറിയ ഈ പഴത്തെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണ്. ആഞ്ഞിലി പ്ലാവ് സാധാരണ പ്ലാവിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്. ഏറെ രുചിയേറിയ പോഷക സമൃദ്ധമായ ഫലം കൂടിയാണ് ആഞ്ഞിലിച്ചക്ക.

ജനുവരി മുതൽ മാർച്ച് മാസം വരെയാണ് ആഞ്ഞിലി പൂക്കുന്നത്. മേയ്, ജൂൺ, ജൂലൈ മാസങ്ങളാണ് ആഞ്ഞിലിയുടെ വിളവെടുപ്പുകാലം. സാധാരണ ചക്കപ്പഴം തന്നെ പോഷകാംശങ്ങളുടെ കലവറയാണ്. ചക്കയുടെ വിഭാഗത്തിൽപ്പെടുന്നതും ചക്കയോട് രൂപസാദൃശ്യവുമുള്ള ആഞ്ഞിലിച്ചക്കകൾ അതിനേക്കാൾ പോഷക സമൃദ്ധവും രുചിയേറിയതുമാണ്.

ഇതിന് വർഷകാല രോഗങ്ങളെ പ്രതിരോധിക്കാനുളള ഔഷധഗുണങ്ങൾ ഉള്ളതായാണ് ആയുർവേദ വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. വിളവെടുപ്പ് കാലമായതോടെ എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ ആഞ്ഞിലിച്ചക്കയുടെ വിപണനം സജീവമാണ്. വനപ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് എത്തിക്കുന്ന ആഞ്ഞിലിച്ചക്കകൾക്ക് ആവശ്യക്കാർ ഏറെയാണ്.

പുതിയ തലമുറ അറിയട്ടെ:കിലോയ്ക്ക് 200 രൂപ മുതൽ 300 രൂപ വരെ നിരക്കിലാണ് കൊച്ചിയിൽ വിപണനം നടക്കുന്നത്. ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ കൂടിയാണ് ഇവ സമ്മാനിക്കുന്നതെന്ന് കൊച്ചിയിലെ റോഡിരികിൽ നിന്നും ആഞ്ഞിലിച്ചക്ക വാങ്ങിയ ബിജു പറഞ്ഞു. സാധാരണ ചക്കപ്പഴത്തെക്കാൾ രുചിയേറിയ ആഞ്ഞിലിച്ചക്കകൾ പുതിയ തലമുറ രുചിച്ച് അറിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഞ്ഞിലി മരത്തിന് നാൽപത് മീറ്ററോളം ഉയരവും രണ്ടരമീറ്റർ വരെ വണ്ണവും ഉണ്ടാകാറുണ്ട്. ഇലകൾക്ക് ശരാശരി 15 സെന്‍റി മീറ്റർ നീളവും 8 സെന്‍റി മീറ്റർ വീതിയുമുണ്ട്. ആഞ്ഞിലിയുടെ ഇലകളിലും തണ്ടിലും ചെറിയ നാരുകളുണ്ട്. വെളുത്ത കറയുള്ള ഈ മരം നല്ല ഉറപ്പും ബലവും ഉള്ളതാണ്. ആഞ്ഞിലിത്തടി വളരെ നീളത്തിൽ വളവില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്. വെള്ളത്തിൽ കിടന്നാൽ കേടുവരില്ലായെന്നതും എളുപ്പത്തിൽ ചിതലിരിക്കില്ലയെന്നതും ഈ മരത്തിന്‍റെ പ്രത്യേകതയാണ്.

ABOUT THE AUTHOR

...view details