എറണാകുളം:കൊച്ചിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വാട്ടർ അതോറിറ്റി ഇന്ന് മുതൽ ടാങ്കർ വഴി നേരിട്ട് വെള്ളമെത്തിക്കും. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് തകരാറിലായതിനെ തുടര്‍ന്ന് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. സുഗമവും കൃത്യവുമായ രീതിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ കൊച്ചി സിറ്റി പൊലീസ് ഏര്‍പ്പെടുത്തുന്നുണ്ട്.
വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ പരിശോധിക്കും. പൊതുജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ വാട്ടര്‍ അതോറിറ്റി നേരിട്ടും ടാങ്കറുകളിലുമായും കുടിവെള്ളം വിതരണം ചെയ്യുന്നത്.
കുമ്പളങ്ങി, ചെല്ലാനം മേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ടാങ്കറുകളും സജ്ജമാക്കിയിട്ടുണ്ട്. 45,000, 12,000, 6,000, 3,000, 2,000 ലിറ്റര്‍ ശേഷിയുള്ള ടാങ്കറുകളിലാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. വലിയ ടാങ്കറില്‍ വെള്ളമെത്തിച്ച ശേഷം ചെറിയ ടാങ്കറുകളിലേക്ക് മാറ്റിയായിരിക്കും വിതരണം.
ചെറിയ ടാങ്കറിലെത്തിക്കുന്ന വെള്ളമാകും ഉള്‍പ്രദേശങ്ങളില്‍ വിതരണം ചെയ്യുക. തദ്ധേശ സ്ഥാപനങ്ങള്‍ ഈ മാസം 28 വരെയാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഇതിന് സമാന്തരമായാണ് വാട്ടര്‍ അതോറിറ്റിയും കുടിവെള്ളമെത്തിക്കുന്നത്.
അധിക മോട്ടോറിന്‍റെ സഹായത്തോടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളില്‍ നിന്നും വെള്ളം എടുക്കുന്നതിനെ കുറിച്ചുള്ള വിവരം അധികൃതര്‍ക്ക് ലഭിച്ചു. ഇത് കണ്ടെത്തുന്നതിനായി വാട്ടര്‍ അതോറിറ്റി സംയുക്ത പരിശോധന നടത്തും. പരിശോധനയില്‍ പിടികൂടുന്നവരുടെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
റെസിഡ്യുവല്‍ ക്ലോറിന്‍റെ അളവ് നിരീക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ വെന്‍ഡിങ് പോയിന്‍റുകളില്‍ ഓരോ മണിക്കൂറും പരിശോധന നടത്തും. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം ശേഖരിക്കുന്ന ടാങ്കറുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കറുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ല ഭരണകൂടം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. ഓരോ ദിവസവും വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ അളവ് നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അവലോകന യോഗം ചേരും.