എറണാകുളം:പെരിയാറിലെ ജലനിരപ്പിൽ ആശങ്കയൊഴിഞ്ഞു. ഡാമുകളിലിൽ നിന്നും അധികജലം ഒഴുകിയെത്തിയെങ്കിലും പെരിയാറിൽ കാര്യമായി ജലനിരപ്പ് ഉയരാത്തതാണ് ആശ്വാസമായത്. ഇടുക്കി അണക്കെട്ടിൽ നിന്നുളള അധികജലത്തിന് പുറമെ ഇടമലയാർ ഡാമിൽ നിന്നുള്ള വെള്ളവുമെത്തുന്നതോടെ പെരിയാറിൽ പ്രളയഭീഷണി നിലനിന്നിരുന്നു.
എന്നാൽ ജലം തടസങ്ങളില്ലാതെ കടലിലേക്ക് ഒഴുകിയതാണ് ആശ്വാസമായത്. ഇടമലയാര്‍ ഡാമിന്‍റെ നാലു ഷട്ടറുകളും തുറന്നിരുന്നു. ഇടുക്കിയിൽ നിന്നും 350 ക്യുമെക്‌സ് വെള്ളമാണ് ഒഴുകിയെത്തിയത്.
നേരത്തെ ഇടമലയാറിൽ നിന്ന് 100 ക്യുമെക്‌സ് ജലം ഒഴുക്കി കളഞ്ഞതിനു ശേഷവും ഡാമിലെ ജലനിരപ്പ് താഴാതിരുന്നതിനെ തുടര്‍ന്നാണ് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് വര്‍ധിപ്പിച്ചത്. പെരിയാറിൽ മാര്‍ത്താണ്ഡവര്‍മ്മ പാലം, മംഗലപ്പുഴ, കാലടി സ്റ്റേഷനുകളില്‍ തുടർച്ചയായി ജലനിരപ്പ് രേഖപ്പെടുത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും ജലനിരപ്പ് അപകട നിലയ്ക്കും താഴെയാണ്.