എറണാകുളം: പൂപ്പൽ പിടിച്ച ചുമരുകളിൽ ചുമർചിത്രങ്ങൾ തീർത്ത് വളരെ മനോഹരമായ കാഴ്‌ചയൊരുക്കി തലയുയർത്തി നിൽക്കുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ്. പതിനഞ്ച് അടിയോളം ഉയരമുള്ള പൂപ്പൽ പിടിച്ച ചുമരുകളിൽ തീർത്തിരിക്കുന്ന രണ്ട് കൂറ്റൻ ചിത്രങ്ങളാണ് യാത്രക്കാർക്ക് ഈ മനോഹര കാഴ്‌ചയൊരുക്കുന്നത്.
കെ.എസ്.ആർ.ടി.സിയും സന്നദ്ധ സംഘടനയായ സ്‌റ്റാർട്ട് ഇന്ത്യയും ചേർന്നാണ് ബസ് സ്‌റ്റാന്‍ഡിലെ ഈ ചുമർചിത്രങ്ങൾ തീർത്തിരിക്കുന്നത്. വാഴക്കുലയും പച്ചക്കറികളും കൈകളിലേന്തി നിൽക്കുന്ന മലയാളി സ്‌ത്രീയുടെ പ്രതീകമായ വയോധികയുടെ ചിത്രമാണ് ഒന്ന്. ടീ ഷർട്ട് ധരിച്ച് ബാക്ക് ബാഗും കൈയില്‍ കടലാസ് തോണിയുമായി നിൽകുന്ന പുതു തലമുറയുടെ പ്രതിനിധിയായ യുവതിയുടെ ചിത്രമാണ് മറ്റൊന്ന്. മലകളും ജലാശയവും പവിഴപ്പുറ്റുകളും വിരിഞ്ഞു നിൽക്കുന്ന താമരയും ഒക്കെ ചേർന്ന പശ്ചാത്തലം ചുമർചിത്രങ്ങളെ കൂടുതൽ മനോഹരമാക്കി മാറ്റിയിരിക്കുകയും ചെയ്യുന്നു.