എറണാകുളം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നൽകി ഹൈക്കോടതി. പത്ത് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ.
വാളയാർ കേസ്; സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് ഹൈക്കോടതി - വാളയാർ കേസ്
10 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും നിർദ്ദേശം. 10 ദിവസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.
അമ്മയുടെ ആവശ്യപ്രകാരം കേസന്വേഷണം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സിബിഐക്ക് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിലെ അപാകതയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വിജ്ഞാപനം തിരുത്തി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ സിബിഐയോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചത്.
അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും.