എറണാകുളം:വാളയാർ കേസിലെ പ്രതിയെ മരിച്ച നിലയിൽ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്‌റ്റിൽ. കുന്നത്തുനാട് പെരിങ്ങാല ചൂളപ്പറമ്പ് വീട്ടിൽ നിയാസിനെയാണ് (32) ബിനാനിപുരം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് നിയാസിനെ അറസ്‌റ്റ് ചെയ്‌തത് (Walayar Case Accussed Death Arrest).
വാളയാർ കേസിലെ നാലാം പ്രതി പാലക്കാട് അട്ടപ്പള്ളം പാമ്പാംപള്ളം കല്ലൻകാട് വീട്ടിൽ മധുവിനെയാണ് (29) കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിയാസിന്‍റെ കീഴിൽ ജോലി ചെയ്യുന്നയാളായിരുന്നു മധു.
മധു ജോലി സ്ഥലത്തെ ചെമ്പുകമ്പി മോഷ്‌ടിച്ചതായി നിയാസ് ആരോപിച്ചിരുന്നു. ഇതിന് നഷ്‌ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിയാസ് മധുവിനെ പുറത്ത് പോകാൻ അനുവദിയ്ക്കാതെ തടഞ്ഞ് നിർത്തുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതിനു ശേഷമാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് ബിനാനിപുരം പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയിരുന്നു.
വാളയാർ കേസിൽ പ്രതികളുടെ നുണ പരിശോധനയുൾപ്പടെ നടത്താനുളള നടപടികളുമായി സിബിഐ മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിയുടെ അസ്വാഭാവിക മരണം ചർച്ചയായത്. മൂന്ന് വർഷം മുമ്പ് ഈ കേസിലെ മൂന്നാം പ്രതിയും മരിച്ചിരുന്നു. 2020 നവംബറിലാണ് മൂന്നാം പ്രതിയായ പ്രദീപ് കുമാർ മരിച്ചത്.
ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം വാളയാർ കേസിലെ പ്രതിയായ കുട്ടി മധുവിന്‍റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയും നീതി സമരസമിതിയും ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിച്ച് ആലുവ റൂറൽ എസ്‌പിക്കും സിബിഐക്കും അവർ കത്തു നൽകിയിട്ടുണ്ട്.