എറണാകുളം: വാളയാർ കേസിൽ കൊലക്കുറ്റത്തിന് പുതിയ കേസ് രജിസ്റ്റർ ചെയ്യണമെന്ന് കൊച്ചിയിൽ നടന്ന വിവിധ ആദിവാസി ദളിത് സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുക, വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, നിയമവാഴ്ച ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്ത യോഗം വ്യക്തമാക്കി. ജനാധിപത്യ കേരളം വാളയാർ അട്ടപ്പള്ളത്തേക്ക് എന്ന സന്ദേശവുമായി നവംബർ പതിനാറിന് പ്രതിഷേധം സംഘടിപ്പിക്കും. കേരത്തിലെ മുഴുവൻ ആദിവാസി ദളിത് സംഘടനകളെയും സമാനമനസ്ക്കരെയും പ്രതിഷേധത്തിൽ അണിനിരത്തും. നവംബർ അവസാന വാരം സംസ്ഥാനത്ത് ഹർത്താൽ നടത്താനും ആദിവാസി ദളിത് സംഘടനകളുടെ യോഗം തീരുമാനിച്ചു.
വാളയാർ കേസ്; കൊലക്കുറ്റത്തിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യം
അന്വേഷണം സി.ബി.ഐക്ക് കൈമാറുക, വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, നിയമവാഴ്ച ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധം ശക്തമാക്കുമെന്നും സംയുക്ത യോഗം പറഞ്ഞു
കേരളത്തിൽ ദളിത് ആദിവാസി സമൂഹത്തിന് നേരെ ആക്രമണം വർധിച്ചു വരികയാണെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ശിക്ഷയുറപ്പാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നതാണ് അക്രമം വർധിക്കാൻ കാരണം. വാളയാർ കേസിൽ പ്രോസിക്യൂഷൻ പൂര്‍ണ പരാജയമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദളിത് മഹാസഭാ സെക്രട്ടറി സി.എസ് മുരളി, സെലീന പ്രാക്കാനം, അഡ്വ: പി.കെ.ശാന്തമ്മ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ പതിനാറിന് നടക്കുന്ന പ്രതിഷേധ പരിപാടിക്കായി 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.