എറണാകുളം :വ്ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ജെ.എഫ്.സി.എം കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. രഹസ്യ മൊഴിയും, വൈദ്യപരിശോധന ഫലവും പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് കൊച്ചി സിറ്റി ഡി.സി.പി വി.യു കുര്യക്കോസ് ഐപിഎസ് അറിയിച്ചു.
സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തും. നിലവിൽ ഒരു പരാതി മാത്രമാണ് ലഭിച്ചത്. കൂടുതൽ പരാതികൾ ലഭിച്ചാൽ കൂടുതൽ കേസുകൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയെന്നാണ് പോലീസ് നൽകുന്ന വിവരം. നിലവിൽ കൊല്ലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ ഹോട്ടലിലും, ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.