എറണാകുളം :വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി അടക്കം പരിഗണിക്കവെയാണ് സിംഗിൾ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുതെന്നും തൊഴിലാളികളെയോ ജീവനക്കാരെയോ തടയാൻ പാടില്ലെന്നും സമാധാനപരമായാണ് പ്രതിഷേധിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
'പ്രതിഷേധക്കാരെ നീക്കണമെന്നല്ല, സുരക്ഷ ഉറപ്പാക്കണം'; വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ സർക്കാരിനോട് ഹൈക്കോടതി - Vizhinjam Port Construction police protection
വിഴിഞ്ഞം തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി
പ്രതിഷേധക്കാരെ നീക്കണമെന്നല്ല, തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കാനാണ് പറയുന്നതെന്നും കോടതി വ്യക്തമാക്കി. തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പും കരാർ കമ്പനിയുമാണ് കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധക്കാർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹർജികൾ. അതേസമയം പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ അടക്കം കോടതി സെപ്‌റ്റംബർ 30ന് വീണ്ടും പരിഗണിക്കും.