എറണാകുളം: സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് വാതിൽ. വിനയ് ഫോർട്ട്, അനുസിത്താര, കൃഷ്‌ണ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ഓണ ചിത്രമായി വാതില്‍ റിലീസിന് ഒരുങ്ങുകയാണ്. സിനിമ നിർമിച്ചിരിക്കുന്നത് രാജേഷ് വളാഞ്ചേരി, സുജി കെ ഗോവിന്ദരാജ് എന്നിവർ ചേർന്നാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനയ് ഫോർട്ട്, കൃഷ്‌ണ ശങ്കർ മെറിൻ ഫിലിപ്പ്, ഒതളങ്ങ തുരുത്ത്, രോമാഞ്ചം ഫെയിം എബിൻ ബിനോ എന്നിവർ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തിയിരുന്നു.
വാതിൽ ഈ ഓണക്കാലത്ത് ഇറങ്ങുന്ന ചെറിയ ചിത്രങ്ങളിലൊന്നാണ്. എങ്കിലും കഥാമൂല്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലും എന്ന് വിനയ് ഫോർട്ട് ആദ്യം തന്നെ അഭിപ്രായപ്പെട്ടിരുന്നു.
നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളുമായി പ്രത്യേകിച്ച് വിവാഹം കഴിഞ്ഞവരാണെങ്കിൽ അവർക്കൊക്കെ വളരെയധികം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ചിത്രമായിരിക്കും വാതിൽ. വാതിലിന്‍റെ തിരക്കഥ വായിച്ചപ്പോൾ തന്നെ വളരെയധികം റിലേറ്റ് ചെയ്യാൻ സാധിച്ചിരുന്നു. അതുകൊണ്ടാണ് നിരവധി വലിയ ചിത്രങ്ങൾക്കിടയിലും വാതിൽ തിരഞ്ഞെടുക്കുവാൻ കാരണമായത്.
കേന്ദ്രകഥാപാത്രമായി കൃഷ്‌ണ ശങ്കർ പ്രത്യക്ഷപ്പെടാത്ത സിനിമകളിൽ നായകന് പൊതുവേ ഉപദേശം കൊടുക്കുന്ന തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഈ ചിത്രത്തിൽ ഉപദേശങ്ങൾ ഒരു അൽപ്പം കുറവാണ് എന്ന് തമാശ രൂപേണ കൃഷ്‌ണ ശങ്കർ മറുപടി നൽകി.
ചിത്രത്തിൽ അനുസിത്താര ആണ് നായിക. എങ്കിലും കമല എന്ന ശക്തമായ കഥാപാത്രവുമായി മെറിൻ ഫിലിപ്പ് ചിത്രത്തിൽ നല്ല പ്രകടനം കാഴ്‌ചവച്ചിട്ടുള്ളതായി സംവിധായകൻ പറഞ്ഞു.