വിജേഷ് പിള്ള ഇ ടി വി ഭാരതിനോട് എറണാകുളം:സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്വപ്‌ന തന്നെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. അവർ പറഞ്ഞെതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്നും വിജേഷ് പിള്ള പറഞ്ഞു.
വെബ് സീരിസ് ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് സ്വപ്‌നയെ ബെംഗളൂരുവിലുള്ള ഹോട്ടലിൽ വെച്ച് കണ്ടത്. ഇന്‍റർവ്യൂ നടത്തണമെന്ന് പറഞ്ഞ് തന്നെയായിരുന്നു അവരെ ആദ്യം ബന്ധപെട്ടതെന്നും വിജേഷ് പിള്ള ഇ ടി വി ഭാരതിനോട് പറഞ്ഞു. ഒടിടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച നടത്തിയത്.
സ്വപ്‌നയെ കുറിച്ചുള്ള കണ്ടന്‍റ് ചെയ്യുകയാണെങ്കിൽ അതിന് അനുസരിച്ചുള്ള വരുമാനം ഷെയർ ചെയ്യാമെന്നാണ് സംസാരിച്ചത്. കണ്ണൂർ സ്വദേശിയായ താൻ സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ നാട്ടിനടുത്താണെന്ന് സംസാരത്തിനിടയിൽ സ്വപ്‌നയോട് പറഞ്ഞിരുന്നു. എന്നാൽ ഗോവിന്ദൻ മാഷിനെ ഇതുവരെ നേരിട്ട് കാണുക പോലും ചെയ്‌തിട്ടില്ല.
പാർട്ടിയുമായോ നേതാക്കളുമായോ ബന്ധമില്ല: തനിക്ക് ഗോവിന്ദൻ മാസ്റ്ററുമായോ ഏതെങ്കിലും പാർട്ടി നേതാക്കളുമായോ ബന്ധമില്ല. പ്രമുഖർ എന്ന നിലയിൽ മാത്രമാണ് അവരെ അറിയുന്നത്. പാർട്ടികളുമായി വലിയ ബന്ധങ്ങളില്ലെങ്കിലും ബി ജെ പിയെയാണ് തനിക്ക് ഇഷ്ടം. താനൊരു ദൈവ വിശ്വാസിയും ക്ഷേത്രങ്ങളുമായി ബന്ധം പുലർത്തുന്ന വ്യക്തിയുമാണ്.
അതേസമയം സ്വപ്‌ന തനിക്ക് ഭീഷണിയുണ്ടെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പറഞ്ഞിരുന്നു. അങ്ങനെയൊരു സാഹചര്യമുണ്ടെങ്കിൽ വിദേശത്ത് സെറ്റിൽ ചെയ്യാമല്ലോയെന്ന് അപ്പോഴാണ് സംസാരിച്ചത്. അതുപോല തന്നെ വരുമാനത്തിന്‍റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ മുപ്പത് കോടിയെ കുറിച്ച് സംസാരിച്ചിട്ടില്ല.
also read:'30 കോടി വാഗ്‌ദാനം, മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ ആരോപണങ്ങൾ പിൻവലിക്കണം, എല്ലാം എംവി ഗോവിന്ദന്‍റെ നിർദേശ പ്രകാരം': സ്വപ്‌നയുടെ ഫേസ് ബുക്ക് ലൈവ്
എല്ലാം സ്വപ്‌നയുടെ പ്ലാനിങ്: മുഖ്യമന്ത്രിയെ കുറിച്ചോ കുടുംബത്തേ കുറിച്ചിച്ചോ സംസാരിച്ചിട്ടില്ല. ആദ്യം കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും വീഡിയോ എടുക്കരുതെന്നും പറഞ്ഞ സ്വപ്‌ന തന്നെ രഹസ്യ കാമറയിൽ ചർച്ച റെക്കോഡ് ചെയ്യുകയായിരുന്നു. അവർ മുൻകൂട്ടി പ്ലാൻ ചെയ്‌ത് തന്നെ കുടുക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
അടുത്ത ദിവസം കാണാമെന്നാണ് ഞങ്ങൾ പറഞ്ഞത്. കഴിഞ്ഞ മാസവും താൻ നാട്ടിലേക്ക് പോയിരുന്നു. തന്‍റെ ജീവിതം ദുരൂഹമായ സാഹചര്യത്തിലല്ല. സ്വപ്‌നയ്‌ക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തിട്ടുണ്ട്. തനിക്ക് ജീവിതത്തിൽ വലിയൊരു പാഠമാണിത്. തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് പേടിയില്ല.
ഭയപ്പെടേണ്ടത് ഞാനല്ല, സ്വപ്‌നയാണ്: എന്‍റെ പിന്നിൽ ആരുമില്ലന്നും ബിസിനസ് ആവശ്യത്തിനായുള്ള കൂടിക്കാഴ്‌ച സ്വപ്‌ന വളച്ചൊടിക്കുകയായിരുന്നു വെന്നും വിജേഷ് പിള്ള പറഞ്ഞു. ഇത്തരമൊരു കഥ മെനഞ്ഞ അവരാണ് ഭയപ്പെടേണ്ടത്. താൻ എന്തിന് ഭയപ്പെടണമെന്നും വിജേഷ് പിള്ള ചോദിച്ചു. എൻഫോഴ്‌സ്‌മെന്‍റ് ആവശ്യപ്പെട്ട പ്രകാരം കൊച്ചിയിലെ ഓഫിസിൽ ഹാജരായി മൊഴി നൽകിയിരുന്നു വിജേഷ് പിള്ള.
നാല് ദിവസം മുൻപാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള ചാനൽ അഭിമുഖം എന്ന പേരിൽ ബെംഗളൂരുവിൽ വച്ച് കൂടിക്കാഴ്‌ച നടത്തിയതായി സ്വപ്‌ന സുരേഷ് ഇന്നലെ ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. എം വി ഗോവിന്ദൻ മാസ്‌റ്ററുടെ നിർദേശപ്രകാരമാണ് വന്നതെന്നും മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് ബെംഗളൂർ വിടണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശമെന്ന് വിജേഷ് പറഞ്ഞതായും സ്വപ്‌ന ലൈവിൽ കൂട്ടിച്ചേർത്തിരുന്നു