കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. അറസ്റ്റ് തടഞ്ഞുള്ള ഒരു നിർദേശവും കോടതി നൽകിയിട്ടില്ലന്നും വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ആവശ്യമെങ്കിൽ അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് സംഘം ദുബായിലേക്ക് പോകുമെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസമല്ലെന്ന് പൊലീസ് കമ്മിഷണര്‍ വിദേശത്തുള്ള പ്രതിയുടെ പാസ്പോർട് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും. എന്നാൽ ഈ ഘട്ടത്തിൽ അത്തരം നടപടികളിലേക്ക് കടക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് പരാതി ലഭിച്ചത്. അന്ന് തന്നെ കേസെടുക്കുകയും ചെയ്‌തു.
പരാതിക്കാരിയുടെ മൊഴിയെടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ രഹസ്യമായാണ് പൊലീസ് പൂർത്തിയാക്കിയത്. ഹാജരാകാൻ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേസിന്‍റെ അന്വേഷണത്തിൽ ഇടപെടാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം പ്രതിയുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ ആ കാര്യങ്ങൾ കോടതിയെ അറിയിക്കും.
സാമൂഹ മാധ്യമത്തിൽ വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം വീണ്ടും സമാനമായ ആരോപണ ഉന്നയിക്കപ്പെട്ടത് പൊലീസിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ കേസെടുക്കും. ആരോപണം ഉന്നയിച്ച വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കെതിരെ ആര് പരാതി നൽകിയാലും കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു പറഞ്ഞു.
Also Read 'സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു', വിജയ് ബാബുവിനെതിരെ ആരോപണവുമായി മറ്റൊരു യുവതിയും