എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ഈ രണ്ടു കേസുകളിലും വെള്ളിയാഴ്ച (10.06.2022) വരെ വിജയ് ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
നേരത്തെ ജാമ്യഹർജികൾ പരിഗണിച്ച വേളയിൽ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്‍റെ അഭിഭാഷകനും കോടതിയെ അറിയിച്ചിരുന്നു. പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.