എറണാകുളം:യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുത്, ജൂണ്‍ 27 മുതൽ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, പരാതിക്കാരിയേയോ കുടുബത്തെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സോഷ്യല്‍ മീഡിയ വഴി കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരണമുണ്ടാകരുത് എന്നിവയാണ് ജാമ്യ ഉപാധികള്‍.
യുവനടിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ വിജയ് ബാബുവിന് മുൻകൂർ ജാമ്യം
കേസില്‍ കഴിഞ്ഞയാഴ്‌ച വാദം പൂര്‍ത്തിയായിരുന്നു
ജൂൺ 27 മുതൽ തുടർച്ചയായ 7 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിനിടെ അറസ്റ്റ് രേഖപെടുത്തിയാല്‍ രണ്ടാൾ ജാമ്യം, അഞ്ച് ലക്ഷ രൂപ ബോണ്ട് എന്നീ വ്യവസ്ഥകളിന്മേൽ ജാമ്യം അനുവദിക്കണമെന്നും ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടു. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഉഭയസമ്മത പ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബ്ലാക്ക് മെയ്‌ലിങ്ങിന്‍റെ ഭാഗമായാണ് പീഡന പരാതിയെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബുവിന്‍റെ വാദം. ഇരയുടെ പേര് വെളിപെടുത്തിയ കേസില്‍ വിജയ്ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരുന്നത് എന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.