വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ - ഇബ്രാഹിം കുഞ്ഞ് വിജിലൻസ് അറസ്റ്റിൽ
11:01 November 18
ആശുപത്രി മുറിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ അറസ്റ്റിൽ. അത്യന്തം നാടകീയമായാണ് വിജിലൻസ് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രി മുറിയിലെത്തിയായിരുന്നു അറസ്റ്റ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് പാലാരിവട്ടം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ്. അറസ്റ്റ് നടപടികൾ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയെ അറിയിക്കും. ഉച്ചയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കാനാണ് സാധ്യത.
അറസ്റ്റ് രേഖപ്പെടുത്തിയ ഇബ്രാഹിം കുഞ്ഞിനെ കോടതിയിൽ ഹാജരാക്കുന്നത് ഉൾപ്പടെയുള്ള തുടർ നടപടികൾ ഡോക്‌ടർമാരുടെ അഭിപ്രായമനുസരിച്ചായിരിക്കും സ്വീകരിക്കുക. അറസ്റ്റ് രേഖപ്പെടുത്തിയ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിനൊപ്പം ആശുപത്രി മുറിയിൽ തുടരുകയാണ്. പൊലീസ് സംഘം ഉൾപ്പടെ ആശുപത്രിയിലുണ്ട്.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാര്‍ കമ്പനിക്ക് പലിശ ഒഴിവാക്കി മുന്‍കൂര്‍ പണം നല്‍കാനും കരാര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കാനും ഇബ്രാഹിം കുഞ്ഞ് നിര്‍ദേശം നല്‍കിയെന്നാണ് കേസ്. ഇതിലൂടെ കരാർ കമ്പനിക്ക് നേട്ടമുണ്ടാക്കുകയും ഇബ്രാഹിം കുഞ്ഞ് ഉൾപ്പടെ അഴിമതിയുടെ ഭാഗമായെന്നാണ് ആരോപണം. പാലാരിവട്ടം പാലം അഴിമതി കേസിൽ നിർമ്മാണ കമ്പനി എം.ഡി. സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി തങ്കച്ചൻ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, ആർ.ബി.ഡി.സി.കെയിലെ ബെന്നി പോൾ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.