എറണാകുളം:ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങള്‍ നൽകിയ ഹർജികൾ വാദം കേൾക്കാനായി ഹൈക്കോടതി മാറ്റിവച്ചു. ഹർജിയിൽ പുതിയതായി വന്ന കക്ഷി ചേരാൻ സെനറ്റംഗം എസ്. ജയറാം നല്‍കിയ അപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതി നടപടി. അടുത്ത വ്യാഴാഴ്ച (22.12.2022) വീണ്ടും വാദം കേൾക്കാമെന്നു കോടതി അറിയിച്ചു
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിസി നിയമന നടപടികൾ വേഗത്തിലാക്കണമെന്ന ജയറാമിന്‍റെ മറ്റൊരു ഹർജിയിൽ സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നാമനിർദേശം ചെയ്യാൻ സെനറ്റിനോട് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് തങ്ങൾക്ക് പരിശോധിക്കാനായിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകനും അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.
പുറത്താക്കിയത് നിയമ വിരുദ്ധമാണെന്നും ഗവർണറുടെ നടപടി റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് സെനറ്റംഗങ്ങളുടെ ഹർജികൾ. എന്നാൽ താൻ നാമനിർദേശം ചെയ്‌ത സെനറ്റംഗങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കിയതെന്ന് ചാൻസലറായ ഗവർണർ അറിയിച്ചിരുന്നു. അതേസമയം വിസി നിയമനത്തിനായി രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് അംഗീകരിക്കാനായി വിളിച്ച് ചേർത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് പുറത്താക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ചാൻസലറായ തന്‍റെ നടപടികൾക്കെതിരെ ഹർജിക്കാർ പ്രവർത്തിച്ചത് കൊണ്ടാണ് പ്രീതി പിൻവലിച്ചതെന്നും, സെനറ്റ് താനുമായി നിഴൽ യുദ്ധം നടത്തുകയായിരുന്നുവെന്നും ഗവർണറും കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രീതി പിൻവലിക്കുന്നത് നിയമ പ്രകാരമാകണമെന്ന് കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വിസിമാരുടെ ഹർജികൾ ഹൈക്കോടതി അടുത്ത ചൊവ്വാഴ്‌ചയിലേക്കും മാറ്റിയിട്ടുണ്ട്.