പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ വെച്ച് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി.കെ കരുണാകരനെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയായി നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
2002ൽ വീഗാലാൻഡിലെ ഒരു റൈഡറിൽ നിന്ന് വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. റൈഡിറിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വിജേഷിന് പ്രഥമിക ചികിത്സയ്ക്കായി 25 ലക്ഷം രൂപ ചിലവ് വന്നു. ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. പ്രഥമിക ചികിത്സ സഹായമല്ലാതെ നഷ്ടപരിഹാരം നൽകാൻ വീഗാലാൻഡ് തയ്യാറാകാതെ വന്നതിനെ തുടന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.