കൊച്ചി:കൊച്ചി നഗരസഭയ്ക്കെതിരെ മന്ത്രിമാർ വ്യാജ പ്രചാരണം നടത്തുകയാണെന്ന വിമർശനവുമായി കെ.പി.സി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി.സതീഷൻ എം.എൽ.എ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുൾപ്പടെ അസത്യം പ്രചരിപ്പിക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ കെടുകാര്യസ്ഥത മറച്ചുവെക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. തുടർച്ചയായി രണ്ട് വർഷങ്ങളിൽ പ്രളയത്തിൽ റോഡുകൾ തകർന്നപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രണ്ടായിരം കോടി രൂപ നൽകുമെന്ന് സർക്കാർ പ്രഖാപിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും ഐക്യജനാധിപത്യ മുന്നണിയുടെ ഭരണകാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1076 കോടി രൂപ നൽകിയിരുന്നതായും ആദ്ദേഹം പറഞ്ഞു.
കൊച്ചി നഗരസഭക്കെതിരെ മന്ത്രിമാർ വ്യാജ പ്രചാരണം നടത്തുന്നു: വി.ഡി സതീഷൻ - കൊച്ചി വാർത്തകൾ
സ്മാർട്ട് സിറ്റി പദ്ധതി വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരെന്നും വി.ഡി സതീഷൻ
കൊച്ചി കോർപ്പറേഷൻ റോഡുകൾ തകർന്നത് അമൃത് പദ്ധതി കുടിവെള്ള പൈപ്പിട്ടതിനെ തുടർന്നാണെന്നും കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പൊതുമരാമത്ത് വകുപ്പ് റോഡുകൾ തകർന്നിട്ടും മന്ത്രിമാർ വിലപിക്കുന്നത് കൊച്ചിയിലെ റോഡുകളെ കുറിച്ച് മത്രമാണെന്നും വി.ഡി സതിഷൻ കുറ്റപ്പെടുത്തി. സ്മാർട്ട് സിറ്റി പദ്ധതി വൈകുന്നതിന് കാരണം സംസ്ഥാന സർക്കാരാണ്. നിർവ്വഹണ ചുമതലയുള്ള കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് എം.ഡിയുടെ ചുമതലയിൽ മെട്രേയുടെ എം.ഡിയെ നിയമിച്ചതോടെ പദ്ധതി നാഥനില്ലാ കളരിയായെന്നും വി.ഡി സതീഷൻ പറഞ്ഞു.
തിരുവനന്തപുരത്തെ പദ്ധതി എല്ലാ മാസവും മന്ത്രിതലത്തിൽ റിവ്യൂ ചെയ്യുന്നുണ്ട് .എന്നാൽ കൊച്ചിയിൽ അത്തരത്തിൽ യോഗം നടന്നത് രണ്ട് തവണ മാത്രമാണെന്നും ആദ്ദേഹം ആരോപിച്ചു. കൊച്ചിയിലെ റോ റോ സർവ്വീസ് നടത്തുന്നതിന് ഏല്പിച്ചത് കെ.എസ്.ഐ.എന്‍.സിയെയാണ്. . അവർ മനഃപൂർവ്വം വീഴ്ച വരുത്തിയതാണോയെന്ന് സംശയിക്കുന്നതായും ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, സിറ്റി ഗ്യാസ് പദ്ധതിയുൾപ്പടെ നഗരസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൻ പരസ്യമായ സംവാദത്തിന് തയ്യാറാണെന്നും വി.ഡി സതീഷൻ വ്യക്തമാക്കി.