എറണാകുളം:വൈസ് ചാൻസലർ നിയമനത്തിന് വേണ്ടി നിയമ നിർമാണം നടത്തുന്നത് സർവകലാശാലകളെ തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളെ സർക്കാറിന് കീഴിലുള്ള വകുപ്പാക്കി തരം താഴ്‌ത്തുന്നതിന് തുല്യമാണ് പുതിയ നിയമ നിർമാണമെന്ന് അദ്ദേഹം പറഞ്ഞു.
സർവകലാശാലകളെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർവകലാശാലകളിൽ അനധികൃത അധ്യാപക നിയമനം നടത്തുന്നതിന് വേണ്ടിയാണ് ഈ കാര്യം ചെയ്യുന്നത്. സർവകലാശാല അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ സർവകലാശാല അധ്യാപക നിയമനം സിപിഎം നേതാക്കൾക്ക് മാത്രം സംവരണം ചെയ്‌തത് പോലെയാണുള്ളത്.
സർവകലാശാലകളെ സർക്കാർ തകർക്കാൻ ശ്രമിക്കുന്നു. പാർട്ടിക്കാരെയും ബന്ധുക്കളെയും നിയമിക്കുന്ന രീതി സിപിഎം അവസാനിപ്പിക്കണം. ഉന്നതവിദ്യഭ്യാസ മേഖലയെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി സർക്കാർ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സർവകലാശാലയിലെ രാഷ്‌ട്രീയ അതിപ്രസരം ഉന്നത വിദ്യഭ്യാസ മേഖലയെ തകർക്കുകയാണ്. കേരളത്തിൻ്റെ ഭാവി വാഗ്‌ദാനങ്ങൾ പഠനത്തിനായി വിദേശത്തേക്ക് പോകുന്നു. സർവകലാശാല നിയമ നിർമാണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
ലോകായുക്ത ഓർഡിനൻസ്: ലോകായുക്തയുടെ പല്ലും നഖവും തകർക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ലോകായുക്തയുടെ വിധിയിൽ തെറ്റുണ്ടെങ്കിൽ കോടതിയിൽ പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതുതായി പാസാക്കാൻ പോകുന്ന രണ്ട് നിയമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും വിഡി സതീശൻ പറഞ്ഞു.
മന്ത്രി റിയാസിനെതിരെ വിമർശനം:താൻ ഉന്നയിച്ച വിമർശനത്തിന് മന്ത്രി റിയാസ് മറുപടി പറയുന്നില്ല. റോഡുകളിലെ കുഴികൾ അടയ്‌ക്കാനാണ് താൻ ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിൻ്റെ പോരായ്‌മയാണ് ചൂണ്ടിക്കാട്ടിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിമർശിക്കപ്പെടും. മുഹമ്മദ് റിയാസ് മന്ത്രിസഭയിലും, പാർട്ടിയിലും പ്രത്യേക പ്രിവിലേജ് ഉള്ള വ്യക്തിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പിന്തുണ:തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൂർണ്ണ പിന്തുണ നൽകും. മത്സ്യത്തൊഴിലാളികളുടെ ജീവിതം അതിദയനീയമാണ്. നിരവധി കുടുംബങ്ങൾ ജീവിക്കുന്നത് ഗോഡൗണിലാണ് അവരെ പുനരധിവസിപ്പിക്കണം. തീരശോഷണം തടയുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം.
കെ സി വേണുഗോപാലിന്‍റെ മൊഴിയെടുത്ത നടപടി: സോളാർ കേസിൽ കേരള പൊലീസ് അന്വേഷിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടാണ് സിബിഐക്ക് വിട്ടത്. കെ സി വേണുഗോപാലിന്‍റെ മൊഴിയെടുത്തത് നടപടി ക്രമങ്ങളുടെ ഭാഗമാണ്. ഹൈബി ഈഡനെ ചോദ്യം ചെയ്‌ത് തെളിവില്ലെന്ന് കണ്ടെത്തിയത് പോലെ ഇതും അവസാനിക്കുമെന്നും വിഡി സതീശൻ പ്രതികരിച്ചു.