എറണാകുളം: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നടപടി ക്രമങ്ങളെ കുറിച്ച് വിശദീകരിച്ച അദ്ദേഹം, ഡിവൈഎഫ്‌ഐ കെ റെയില്‍ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടിനേയും വിമര്‍ശിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം.
ആശയക്കുഴപ്പവും ദുരൂഹതയും തുടക്കം മുതല്‍ എല്ലാ റിപ്പോര്‍ട്ടുകളിലുമുണ്ട്. ഡാറ്റ തിരിമറി നടത്തിയാണ് പ്രാഥമിക, അന്തിമ സാധ്യത പഠന റിപ്പോര്‍ട്ടും ഡി.പി.ആറും തയാറാക്കിയിരിക്കുന്നത്. ഡാറ്റ കൃത്രിമം നടത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ കെ റെയില്‍ കോര്‍പറേഷനോ മറുപടി നല്‍കാന്‍ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കി.