എറണാകുളം:ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിലൂടെ ലോകായുക്തയുടെ പ്രസക്തി നഷ്ടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെ.റെയിലുമായി ബന്ധപ്പെട്ട് ഉയർന്ന് വരാൻ സാധ്യതയുള്ള അഴിമതിക്കേസുകൾ തടയുക കൂടിയാണ് നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നിരോധന സംവിധാനത്തെ കാറ്റിൽ പറത്തിയാണ് സർക്കാർ രഹസ്യമായി ലോകായുക്ത ഭേദഗതി ഓർഡിനൻസ് അനുമതിക്കായി ഗവർണർക്ക് സമർപ്പിച്ചതെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. ഗവർണർ ഒരു കാരണവശാലും ഒർഡിനൻസിൽ ഒപ്പിടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്‍റെ ലോകായുക്ത ഭേദഗതി ഓർഡിനൻസ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. നിയമഭേദഗതിയുടെ പ്രധാന കാരണം നിലവിൽ മുഖ്യമന്ത്രിക്കെതിരെയും മന്ത്രി ബിന്ദുവിനെതിരെയുമുള്ള രണ്ടു കേസുകളാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതി നിരോധന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയതോടെ നിയമത്തിന്‍റെ പ്രസക്തി തന്നെ നഷ്ടപെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഏക ആശ്രയമായിരുന്നത് ലോകായുക്തയാണ്. ലോകായുക്ത നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായി അനുസരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. എന്നാൽ ഇനിമുതൽ ഒരു ഹിയറിംഗ് നടത്തി വേണമെങ്കിൽ സ്വീകരിക്കാം , അല്ലെങ്കിൽ നിരസിക്കാമെന്ന പുതിയ വകുപ്പ് കൂടി ലോകായുക്ത നിയമത്തിന്‍റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.