എറണാകുളം:കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അനധികൃതമായും വഴിവിട്ടും ഇടപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു (minister R Bindu) രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ (VD Satheesan). ഉന്നത വിദ്യാഭ്യാസ മന്ത്രി അയച്ച രണ്ട് കത്തുകളും സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമാക്കുന്നതാണ്.
വിസി നിയമന വിവാദം: വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് മന്ത്രി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തെറ്റായ തീരുമാനമെടുത്തത്. അന്നു താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഗവര്‍ണര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് മേലൊപ്പ് ചാര്‍ത്തേണ്ടയാളല്ല ഗവര്‍ണറെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
മന്ത്രിയുടെ ഇടപെടല്‍ നിയമ വിരുദ്ധം
നിയമ വിരുദ്ധമായാണ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ടത്. സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശത്തിലേക്കും ചാന്‍സലറുടെ അധികാരങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണ് മന്ത്രി നടത്തിയത്. നിയമത്തിനുള്ളില്‍ നിന്നു മാത്രമെ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് സത്യ പ്രതിജ്ഞ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജി വയ്ക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
വി.സിയുടെ പുനര്‍നിയമനം ഉപകാരസ്‌മരണ
സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളിലും ആരോപണം ഉയരുകയാണ്. ഒഴിവുകളിലേക്ക് പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനുള്ള ഉപകാരസ്‌മരണയായാണ് വി.സിയുടെ പുനര്‍നിയമനം.
സേര്‍ച്ച് കമ്മിറ്റിയിലെ ചാന്‍സലറുടെ നോമിനിയെ കൂടി സര്‍ക്കാര്‍ നിയമിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ഗവര്‍ണറാണ് പുനര്‍നിയമനം നടത്തിയെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. അഴിമതിയും സ്വജനപക്ഷപാതവും നിയമലംഘനവുമാണ് സര്‍വകലാശാലകളില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കെ റെയിലില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പഠനത്തിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ തലവന്‍ അലോക് വര്‍മ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ല, നേരായ രീതിയില്‍ സര്‍വെ നടത്തിയിട്ടില്ല.
സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഴുവനും ജനങ്ങളേയും ഇരകളായി മാറുന്ന പാവങ്ങളേയും കബളിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. ഈ മാസം 18 ന് പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും യു.ഡി.എഫ് നടത്തുന്ന മാര്‍ച്ച് സില്‍വര്‍ ലൈനിന് എതിരായ സമര പരമ്പരകളുടെ തുടക്കമായിരിക്കും.
also read: കണ്ണൂർ സർവകലാശാല വി.സി രാജി വെക്കണമെന്ന് ആവശ്യം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള നിയമം പാസാക്കിയപ്പോള്‍ ലഡു വിതരണം നടത്തിയവരാണ് ഇപ്പോള്‍ ഒരു വാശിയും ഇല്ലെന്നു പറയുന്നത്. അന്നും ഇന്നും യു.ഡി.എഫ് ഇക്കാര്യത്തില്‍ ഒരു നിലപാടാണ് സ്വീകരിച്ചത്. തെറ്റായകാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.