പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു എറണാകുളം : സോളാർ പീഡന പരാതിയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കളെ സി.ബി.ഐ കുറ്റവിമുക്തരാക്കിയ സാഹചര്യത്തിൽ മാപ്പ് പറയാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സോളാർ കേസ് സിബിഐയ്ക്ക് വിട്ടത് ഇടത് സർക്കാരിൻ്റെ വൈരനിര്യാതന ബുദ്ധിയുടെ ഭാഗമായിരുന്നു. ഉമ്മൻ ചാണ്ടിയെ അപമാനിക്കലായിരുന്നു ലക്ഷ്യം.
എന്നാൽ തീയിൽ കാച്ചിയ പൊന്നുപോലെ അവർ കുറ്റവിമുക്തരായി. കേരള രാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ആവർത്തിക്കരുത്. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്നവരെ കളവ് കേസിലും, പെണ്ണ് കേസിലും പെടുത്തുന്നത് പോലെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെയും തിരിഞ്ഞത്.
അവരും കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്ക് പറയുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ സ്വർണക്കടത്ത് കേസ് സി.ബി.ഐക്ക് വിടണമെന്ന പരാതിക്കാരിയുടെ ആവശ്യം എന്തുകൊണ്ടാണ് അംഗീകരിക്കാത്തത്.
മുഖ്യമന്ത്രി ആരോപണ വിധേയനായ കള്ളപ്പണ ഇടപാടുകളുളള ഈ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതായിരുന്നില്ലേയെന്നും വി.ഡി സതീശന്‍ ചോദിച്ചു. കാലം മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും കണക്ക് ചോദിക്കുകയാണ്. ഇ.പി ജയരാജന്‍റെ വിഷയത്തിൽ സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് ?
അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷണം വേണം. മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പുനസംഘടനയുമായി ബന്ധപ്പെട്ട് പ്രസിഡന്‍റിന് അതൃപ്‌തിയുണ്ടെന്ന വാർത്ത മാധ്യമ സൃഷ്‌ടിയാണ്. ഇതിന് പിന്നിൽ സി.പി.എം അനുകൂലികളായ മാധ്യമ പ്രവർത്തകരാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. സംഘടന കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.