എറണാകുളം:സംസ്ഥാനത്തെ ജനങ്ങളുടെ മേൽ നികുതി ഭാരം അടിച്ചേല്‍പ്പിച്ച സർക്കാറിന്‍റെ രണ്ടാം വാർഷികാഘോഷം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ട് ജനങ്ങൾ ദുരിതത്തിലാകുന്ന ദിവസം തന്നെയാണ് രണ്ടാം വാർഷികാഘോഷത്തിന് തുടക്കം കുറിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണമാണ് ഇത്ര വലിയ നികുതി ഭാരം ജനങ്ങളുടെ തലയിൽ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ചാർജ് കൂട്ടി, വെള്ളക്കരം കൂട്ടി, ഇന്ധന സെസ് ചുമത്തി, എല്ലാത്തിലും നികുതി വർധനവാണ്. വിലക്കയറ്റത്തിൽ പൊറുതി മുട്ടിയ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിത പൂർണമാകും. നികുതി ഭാരം നടപ്പാക്കുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥത കൊണ്ടാണ്. നികുതി പിരിച്ചെടുക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും വിഡി സതീശന്‍ പറഞ്ഞു.
സർക്കാറിന്‍റെ പരാജയം മുഴുവന്‍ ജനങ്ങൾക്ക് മേൽ വരികയാണ്. ഇപ്പോൾ തന്നെ വിലക്കയറ്റമുണ്ട്. ഇതോടെ സ്വാഭാവിക വിലക്കയറ്റവും കൃത്രിമമായ വിലക്കയറ്റവും ഉണ്ടാകും. കടക്കെണിയിൽ മുങ്ങിയ സർക്കാർ വീണ്ടും കടം വാങ്ങികൂട്ടുകയാണ്.