മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് എറണാകുളം :കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെയെടുത്തത് കള്ള കേസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിരപരാധിയായ പ്രസിഡന്‍റിനെ കള്ള കേസില്‍പ്പെടുത്തി ജയിലിലടയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണിതെന്നും വിഡി സതീശന്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെ.സുധാകരനെ ജയിലിലടച്ചാൽ അപ്പോൾ കാണാം കേരളത്തിൻ്റെ പ്രതികരണമെന്നും വി.ഡി സതീശൻ മുന്നറിയിപ്പ് നൽകി.
ആരോപണങ്ങളുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ള കേസെടുത്ത് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്. ഇതില്‍ തങ്ങൾ പേടിക്കുമെന്നാണ് മുഖ്യമന്ത്രി ധരിച്ചത്. ഈ കേസിൽ നല്ല നിലയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റി സ്വന്തക്കാരനായ ഉദ്യോഗസ്ഥനെ നിയമിച്ച് വ്യാജ തെളിവുകളുണ്ടാക്കിയാണ് കേസെടുത്തത്.
കേസിന്‍റെ അടിത്തറ തന്നെ ഇല്ലാതാക്കും. പാർലമെന്‍റിന്‍റെ പബ്ലിക് ഫിനാൻസ് കമ്മിറ്റി അംഗമായിരുന്നുവെന്ന് പറഞ്ഞ് പറ്റിച്ചുവെന്നാണ് ആരോപിക്കുന്നത്. അന്ന് കെ.സുധാകരൻ പാർലമെന്‍റ് അംഗമായിരുന്നില്ല.
സ്വർണക്കടത്ത് കേസിൽ ജയിലിൽ പോകേണ്ട ആളാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി100 ദിവസം ജയിലില്‍ കിടന്നിട്ടുള്ളയാളാണെന്നും വിഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി ബി.ജെ.പിയുമായി ഒത്തുകളിച്ചാണ് കേസിൽ നിന്ന് രക്ഷപ്പെടുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ ഒന്നാം പ്രതിയാകേണ്ടയാളാണ് മുഖ്യമന്ത്രി. നിരവധി അഴിമതി കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ഒരു കേസിലും അന്വേഷണം നടന്നിട്ടില്ല.
എ.ഐ ക്യാമറ, കെ.ഫോൺ അഴിമതിയില്‍ അന്വേഷണം ഉടന്‍ :എ.ഐ. ക്യാമറ അഴിമതി കേസിലും കെ.ഫോൺ അഴിമതിയിലും നിയമപരമായ നടപടി ഉടൻ ആരംഭിക്കും. കോടതി അവധിയായതിനാലാണ് വൈകിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മോൻസണ്‍ വിഷയത്തിൽ കെ.സുധാകരനെതിരെ കേസെടുത്ത സർക്കാർ, വ്യാജ ചെമ്പോല കാണിച്ച് ശബരിമലയെ കുറിച്ച് വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ കേസെടുക്കുമോയെന്നും വി.ഡി.സതീശൻ ചോദിച്ചു.
വ്യാജ രേഖ ചമച്ച കേസിലും പരാമര്‍ശം:മഹാരാജാസ് കോളജിന്‍റെ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച വിദ്യയുടെ പിറകിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയാണ്. ആർഷോ ഇപ്പോഴും നാട്ടിൽ വിലസുകയാണ്. പാർട്ടി സംരക്ഷണത്തിലാണ് വിദ്യ ഒളിവിൽ കഴിയുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.
സ്വന്തക്കാരെ സംരക്ഷിക്കുകയും എതിർ ശബ്‌ദമുയർത്തുന്നവർക്കെതിരെ കേസെടുക്കുകയുമാണ് ഇവിടെ നടക്കുന്നത്. മോൻസണിന് വിശ്വാസ്യതയുണ്ടാക്കി കൊടുത്തത് അവിടെ പോയ പൊലീസ് ഉദ്യോഗസ്ഥരാണ്. അല്ലാതെ ചികിത്സയ്ക്ക് പോയ കെ.പി.സി.സി പ്രസിഡന്‍റ് അല്ല. ഡോക്‌ടറാണെന്ന് കരുതിയാണ് എല്ലാവരും അവിടെ പോയത്.
കെ.പി.സി സി പ്രസിഡന്‍റിനെതിരായ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇരട്ട നീതിയാണ് കേരളത്തിൽ നടക്കുന്നത്. കേരളത്തിലെ പൊലീസ് ഇത്രമാത്രം അധപ്പതിച്ച കാലമുണ്ടായിട്ടില്ല. കൊള്ളാവുന്ന ഉദ്യോഗസ്ഥരെ മാറ്റി നിർത്തി എന്തിനും വഴങ്ങുന്ന ഉദ്യോഗസ്ഥരെ കൊണ്ടുവരികയാണ്. നാട്ടിൽ നിയമവും കോടതിയുമൊക്കെ ഉണ്ടല്ലോയെന്നും തങ്ങൾ നേരിട്ട് കൊള്ളാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കെ സുധാകരന് വിനയായ കേസ് :മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്‌തു തട്ടിപ്പിലാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെ കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനും സുധാകരന് നോട്ടിസ് നല്‍കിയിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിനും കെ സുധാകരനും അടുത്ത ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.