എറണാകുളം:ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിന് ഇപ്പോഴും ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഉയർത്തിയ സംശയങ്ങൾക്ക് മറുപടി പറയാനാകാതെ സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ബഫര്‍ സോണില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് 2015 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇക്കാര്യം 2019 ലെ പിണറായി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദേശങ്ങള്‍ 2016 ല്‍ ഡല്‍ഹിയില്‍ നടന്ന വിദഗ്‌ധ സമിതി യോഗത്തില്‍ പരിഗണിച്ചെന്നും സമയബന്ധിതമായി സംസ്ഥാനം വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ 2018 ഓടെ കാലഹരണപ്പെട്ടെന്നും ഉത്തരവിലുണ്ട്. അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കരട് വിജ്ഞാപനം റദ്ദായത്.
ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി. അതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബഫര്‍ സോണായി നിശ്ചയിക്കാമെന്നാണ് 2019-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഭംഗിയായി ചെയ്‌ത കാര്യങ്ങളെ ഇല്ലാതാക്കി ജനവാസ കേന്ദ്രങ്ങളെയും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.