എറണാകുളം :സംഘപരിവാറിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ഇടപെടാന്‍ ഇടനിലക്കാരുണ്ടെന്നും, ഇവരുടെ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് വിരുദ്ധ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ഒരു ഇടനിലക്കാർ സ്വാധീനിച്ചു. കെ റെയിൽ വിഷയത്തിൽ ന്യൂഡല്‍ഹി കേന്ദ്രീകരിച്ചും ഇടനിലക്കാരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്‍ ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ 'അവിടെ വിരുദ്ധത, ഇവിടെ പിന്തുണ' :പാർട്ടി കോൺഗ്രസ് കേരള ഘടകം ഹൈജാക്ക് ചെയ്‌തു. കണ്ണൂരിൽ നടന്നത് കോൺഗ്രസ് വിരുദ്ധ സമ്മേളനമാണ്. കോൺഗ്രസ് വിരുദ്ധ സമീപനം യെച്ചൂരിയെ കൊണ്ട് എടുപ്പിച്ച ശേഷമാണ് ഇവിടെ നിന്നും മടക്കിയത്. ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ അതിനെതിരെ നിലപാടെടുത്ത വ്യക്തിയാണ് യെച്ചൂരി.
എന്നാൽ, ഇപ്പോൾ കെ റെയിലിനെ അനുകൂലിക്കുന്നു. യു.ഡി.എഫിന് സിൽവർ ലൈനെതിരെ സമരം ചെയ്യാൻ ഒരാളുടെയും പിന്തുണ ആവശ്യമില്ല. കേന്ദ്രമന്ത്രി വി മുരളീധരൻ ഇവിടെ വന്ന് സമരം ചെയ്യേണ്ട ആവശ്യമില്ല. റെയിൽവേ മന്ത്രിയെ കൊണ്ട് തീരുമാനമെടുപ്പിച്ചാൽ മതി. വി.മുരളീധരൻ പകൽ സി.പി.എം വിരോധിയും രാത്രി ഒത്തുതീർപ്പിന് പോകുന്ന വ്യക്തിയുമാണ്.
കർഷകർ ആത്മഹത്യാ മുനമ്പിലാണ്. വേനൽ മഴയിൽ തകർന്ന കുട്ടനാട് യു.ഡി.എഫ് സംഘം സന്ദർശിക്കും. ബാങ്കുകൾ ദയാരഹിതമായി ജപ്‌തി നടപടികൾ നടത്തുന്നു. കേരളത്തിലെ കോൺഗ്രസിനെയും യു.ഡി.എഫിനെയും തിരിച്ച് കൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഒരു കാലത്തും ഇല്ലാത്ത ഐക്യം ഇന്ന് പാർട്ടിയിലുണ്ട്.
'കെ.വി തോമസ് അവസരം ലഭിച്ച നേതാവ്' :പാർട്ടിയ്ക്കുള്ളിൽ ഒരു സംഘർഷവുമില്ല. കെ.പി.സി.സി എക്‌സിക്യുട്ടീവിൽ ഒരു നേതാവും സിൽവർ ലൈൻ വിഷയത്തിൽ പാർട്ടി നിലപാടിനെ എതിർത്തിട്ടില്ല. ഒരു കാരണവശാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. കോൺഗ്രസിൽ ഏറ്റവും കൂടുതൽ അവസരം കിട്ടിയ നേതാവാണ് കെ.വി തോമസ്.
കെ.വി തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് പാർട്ടി പറഞ്ഞിട്ടില്ല. കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ചുവന്നവർക്കാണ് രാഷ്ട്രീയ പ്രധാന്യമെന്ന സി.പി.എം നിലപാടിൽ സഹതാപം മാത്രമാണുള്ളത്. കൊച്ചിയിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.