എറണാകുളം:വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് പറവൂർ അഡീഷണൽ സെഷൻസ് കോടതി. നിമിഷ തമ്പിയെ കൊലപ്പെടുത്തിയ മുർഷിദാബാദ് സ്വദേശി ബിജു മൊല്ല(44)യെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വി.ജ്യോതി ശിക്ഷക്ക് വിധിച്ചത്. വിവിധ വകുപ്പുകളിലായി മൂന്ന് ലക്ഷ രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കൊലപാതകം ഉൾപ്പടെയുള്ള കുറ്റം തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്ന് അഞ്ചര വർഷം പിന്നിടുമ്പോഴാണ് വിചാരണ കോടതി പ്രതിക്കെതിരായ ശിക്ഷ വിധിച്ചത്. നാൽപ്പതോളം സാക്ഷികളെയാണ് ഈ കേസിൽ വിസ്‌തരിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയവയാണ് പ്രതിക്കെതിരായ പ്രധാന കുറ്റങ്ങൾ. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു.
2018 ജൂലൈ 30 ന് രാവിലെ നിമിഷ തമ്പിയുടെ വീട്ടില്‍ അത്രക്രമിച്ച് കടന്ന പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ് . തടിയിട്ടപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പെട്ട അമ്പുനാട് അന്തിനാട് വെച്ചാണ് മോഷണശ്രമത്തിനിടയിൽ പ്രതി കൊലപാതകം ചെയ്‌തത്. വീട്ടിലെ അടുക്കളയിൽ പച്ചക്കറി മുറിക്കുകയായിരുന്ന നിമിഷ, പ്രതി വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ടാണ് തടയാൻ ശ്രമിച്ചത്. ഈ സമയം പച്ചക്കറി മുറിക്കുന്ന കത്തി നിമിഷയുടെ കയ്യിലുണ്ടായിരുന്നു. ഈ കത്തി തന്നെ പിടിച്ച് വാങ്ങി പ്രതി നിമിഷാ തമ്പിയെ കൊലപ്പെടുത്തുകയായിരുന്നു. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വല്യച്ഛൻ ഏലിയാസിനെയും പ്രതി കുത്തി പരിക്കേൽപ്പിച്ചിരുന്നു. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാർത്ഥിനിയായിരുന്നു നിമിഷ. കൊലപാതകം നടന്ന് മിനുട്ടുകൾക്കുള്ളിൽ സമീപത്തെ ആൾ താമസമില്ലാത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.