എറണാകുളം : ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനത്തിന് വീണ്ടും വിലക്കേർപ്പെടുത്തി കേരള ഹൈക്കോടതി. ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ ഉണ്ടാകുന്നതുവരെ വരാഹ രൂപം കാന്താരയിൽ ഉൾപ്പെടുത്തരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസം കോപ്പിയടിച്ചിട്ടില്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി പറഞ്ഞു. നിർമാതാവിനും സംവിധായകനും മുൻകൂർ ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. 1956ലെ പകർപ്പവകാശനിയമപ്രകാരമുള്ള കേസിലാണ് ജസ്റ്റിസ് എ ബദറുദ്ദീൻ മുൻകൂർ ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 12 നും 13 നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലുമായി സഹകരിക്കണം. അറസ്റ്റുണ്ടാകുന്ന പക്ഷം അമ്പതിനായിരം രൂപ ബോണ്ടിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യ വ്യവസ്ഥയിലും ജാമ്യം നൽകണമെന്നുമാണ് കോടതിയുടെ ഉപാധികൾ.
വരാഹ രൂപം ഗാനം കോപ്പിയടിച്ചതാണെന്ന് കാണിച്ച് തൈക്കുടം ബ്രിഡ്‌ജ് സമര്‍പ്പിച്ച പകര്‍പ്പാവകാശ ലംഘന ഹര്‍ജിയില്‍ നേരത്തെയും വരാഹ രൂപത്തിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് അനുമതി ഇല്ലാതെ പാട്ട് സിനിമയില്‍ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. സിനിമയുടെ നിര്‍മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്ക് പുറമെ ഗാനം സ്‌ട്രീം ചെയ്യുന്ന ആമസോണ്‍ പ്രൈം, യൂട്യൂബ്, ലിങ്ക് മ്യൂസിക്, സ്‌പോട്ടിഫൈ, വിന്‍ഗ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോടും കോടതി ഗാനം ഉപയോഗിക്കരുത് എന്ന് നിര്‍ദേശിച്ചു.
എന്നാല്‍ ഗാനം കോപ്പിയടിച്ചതല്ലെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം. തൈക്കുടം ബ്രിഡ്‌ജിന്‍റെ നവരസയുമായി വരാഹ രൂപത്തിന് ബന്ധമില്ലെന്നായിരുന്നു ഋഷഭ് പറഞ്ഞത്. കൊച്ചിയില്‍ പ്രസ്‌മീറ്റിലാണ് സംവിധായകനും നായകനുമായ ഋഷഭ് കാര്യം വ്യക്തമാക്കിയത്.