വന്ദേഭാരതിന് കൊച്ചിയിലും വന്‍ സ്വീകരണം എറണാകുളം:കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന് കൊച്ചിയില്‍ വൻ സ്വീകരണം. വന്ദേഭാരതിന്‍റെ സ്‌റ്റോപ്പുകളിൽ ഒന്നായ എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലാണ് ആർപ്പുവിളികളോടെ ജനങ്ങൾ പുതിയ ട്രെയിനിനെ സ്വീകരിച്ചത്. പ്രധാനമന്ത്രിക്കും വന്ദേഭാരതിനും ജയ് വിളികളുമായാണ് ബിജെപി പ്രവർത്തകർ എത്തിയത്.
ഇതിനു പുറമെ നിരവധി പേരാണ് വന്ദേഭാരത് ട്രെയിന്‍ കാണാനും ഫോട്ടോ പകര്‍ത്താനുമായി എണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ തടിച്ചുകൂടിയത്. ജനങ്ങൾ ട്രാക്കിലേക്ക് ഇറങ്ങി പുഷ്‌പവൃഷ്‌ടി നടത്തുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. വന്ദേഭാരതിനൊപ്പം സെൽഫി എടുക്കുന്നവരെയും കാണാമായിരുന്നു. വന്ദേഭാരതിന്‍റെ പുതിയ പതിപ്പായ 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിനു ലഭിച്ചത്. ഈ മാസം 22 മുതൽ ട്രയല്‍ റണ്‍ ആരംഭിക്കും. അതേസമയം ട്രാക്കുകളുടെ പരിശോധനകൾ ദിവസങ്ങളായി പുരോഗമിക്കുകയാണ്.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കണ്ണൂർ വരെ യാത്ര ചെയ്‌ത് പരിശോധനകള്‍ നടത്തും. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷമായിരിക്കും ട്രെയിന്‍ സര്‍വീസിന്‍റെ സമയക്രമത്തിൽ അന്തിമ തീരുമാനമെടുക്കുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. ഉദ്ഘാടന പരിപാടിയില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും പങ്കെടുക്കും.
വന്ദേഭാരതിന്‍റെ പ്രത്യേകതകള്‍:ഏഴര മണിക്കൂറിനുള്ളിൽ 501 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിന്‍ പിന്നിടുകയെന്നാണ് ലഭ്യമായ വിവരം. ഇതോടെ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കും, തിരിച്ചുമുള്ള യാത്രാസമയം പകുതിയോളം ലാഭിക്കാൻ കഴിയും. അതേസമയം വന്ദേഭാരത് ട്രെയിനിന്‍റെ ഉയർന്ന യാത്രാനിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയുമോയെന്ന സംശയവും ഉയരുന്നുണ്ട്. എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്‌ത വന്ദേഭാരത് എക്‌സ്പ്രസിന് ഉയർന്ന സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ട്രെയിനുകൾ മുഖാമുഖമെത്തിയാൽ പരസ്‌പരം കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവാച്ച് സംവിധാനമാണ്.
അതിനൂതനം വന്ദേഭാരത്:മെട്രോ ട്രെയിനുകൾക്ക് സമാനമായ താരതമ്യേന കനം കുറഞ്ഞ സ്‌റ്റയിൻലെസ് സ്റ്റീലുകൾ ഉപയോഗിച്ചാണ് വന്ദേഭാരതിന്‍റെ കോച്ചുകൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തുരുമ്പെടുക്കുകയില്ലെന്ന പ്രത്യേകതയുമുണ്ട്. ഓരോ വന്ദേഭാരത് എക്‌സ്പ്രസിന്‍റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അഡ്വാൻസ്‌ഡ് റീജെനറേറ്റിവ് ബ്രേക്കിങ് സിസ്റ്റവും വന്ദേഭാരതിലുണ്ട്. അടിയന്തര സാഹചര്യത്തിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.
ട്രെയിനിന്‍റെ വേഗതയും സ്റ്റോപ്പുകളെ കുറിച്ചുള്ള വിവരങ്ങളും കോച്ചുകളിലെ ഡിസ്പ്ലേയിൽ തെളിയും. അടുത്ത സ്റ്റേഷൻ ഏതെന്ന് യാത്രക്കാരെ അറിയിക്കുന്നതിനുള്ള ഓഡിയോ സംവിധാനവും യാത്രക്കാർക്ക് ഉപകാരപ്രദമായിരിക്കും. ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ. ബാഗേജിന് വേണ്ടിയും കോച്ചുകളിൽ പ്രത്യേക സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും ശീതികരിച്ച കോച്ചുകളിൽ വൃത്തിയുള്ള സാഹചര്യത്തിൽ യാത്രചെയ്‌ത് പെട്ടന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള അവസരമാണ് വന്ദേഭാരത് എക്‌സ്‌പ്രസ് മലയാളികൾക്ക് സമ്മാനിക്കുക.
Also read: വന്ദേ ഭാരത് ട്രെയിനിന് പാലക്കാട് ഉജ്ജ്വല സ്വീകരണം; പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ