എറണാകുളം:ജില്ലയിലെ അടിസ്ഥാന പൊലീസിങ് ശക്തമാക്കുമെന്ന് ആലുവ റൂറല്‍ എസ്‌പി വൈഭവ് സക്‌സേന. ജില്ലയുടെ ചുമതലയെന്നത് നല്ലൊരു അവസരമാണെന്നും എന്നാല്‍ അത് വെല്ലുവിളി നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വൈഭവ് സക്‌സേന.
പൊലീസ് സംവിധാനം കാര്യക്ഷമമാക്കുന്നതോടെ നിത്യവും നടക്കുന്ന കുറ്റകൃത്യങ്ങൾ കുറക്കാൻ കഴിയും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലാണ്. അതുകൊണ്ട് തന്നെ ജില്ലയില്‍ ലഹരി ഉപയോഗം വളരെ കൂടുതലാണ്. ലഹരിക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ എസ്‌പിയായി വൈഭവ് സക്‌സേന:സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്തെ അഴിച്ചുപണിയെ തുടര്‍ന്നാണ് കാസര്‍കോട് ജില്ല പൊലീസ് മേധാവിയായ വൈഭവ് സക്‌സേനയെ ആലുവ റൂറല്‍ എസ്‌പിയായി നിയമിച്ചത്. നിലവില്‍ ആലുവയിലെ എസ്‌പി വിവേക് കുമാര്‍ കൊല്ലം കമ്മിഷണറായി ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വൈഭവ് സക്‌സേനയെ ആലുവ റൂറല്‍ എസ്‌പിയായി നിയമിച്ചത്. വിവേക് കുമാറില്‍ നിന്നാണ് വൈഭവ് സക്‌സേന ആലുവ എസ്‌പിയായി ചുമതലയേറ്റത്.
ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക്ക് ആലത്തിന് വധശിക്ഷ വാങ്ങി കൊടുത്ത അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് എസ്‌പി വിവേക് കുമാറായിരുന്നു. മൂവാറ്റുപുഴയിൽ രണ്ട് അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ ഗോപാൽ മാലിക്കിനെ ഒഡീഷയിൽ നിന്നും പിടികൂടിയ സംഭവം, എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി സിറ്റൗട്ടിൽ കുഴിച്ച് മൂടിയ കേസിൽ പ്രതിയായ ഭർത്താവിന്‍റെ അറസ്റ്റ്, ആതിര എന്ന പെൺകുട്ടിയെ അതിരപ്പിള്ളി വനമേഖലയിലെത്തിച്ച് സുഹൃത്ത് കൊലപ്പെടുത്തിയ കേസ്. ജിഎസ്‌ടി തട്ടിപ്പ് കേസിലെ പ്രതിയെ കൊല്‍ക്കത്തയില്‍ നിന്നും പിടികൂടിയ കേസ്, കുപ്രസിദ്ധ മോഷ്‌ടാവ് ബർമുഡ കള്ളൻ എന്നറിയപ്പെടുന്ന ജോസ് മാത്യുവിനെ പിടികൂടിയ കേസ്, ഇലന്തൂര്‍ നരബലി കേസ് തുടങ്ങി നിരവധി കേസുകളില്‍ അന്വേഷണം നടത്തിയത് എസ്‌പി വിവേക് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു.
ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം സമർപ്പിച്ചതും എസ്.പിയുടെ മേൽനോട്ടത്തിലാണ്. കാപ്പ നിയമം കൂടുതൽ ശക്തമാക്കുകയും ചെയ്‌തു. 36 നിരന്തര കുറ്റവാളികളെ ജയിലിലടക്കുകയും 81 പേരെ നാടുകടത്തുകയും ചെയ്‌തു. പിറ്റ് എൻഡിപിഎസ് ആക്‌ട് പ്രകാരം മയക്കുമരുന്ന് കുറ്റവാളിയെ ആദ്യമായി കരുതൽ തടങ്കലിലടച്ചതും റൂറൽ ജില്ലയിലാണ്.