എറണാകുളം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. ഇത്തരമൊരു സാഹചര്യം വേണമോയെന്ന് സർക്കാർ തിരുമാനിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാൽ നട്ടെല്ല് ഒടിക്കുമെന്നാണ് പൊലീസുകാരും ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നത്. പൊലീസ് ഇതിന് കൂട്ടുനിൽക്കുന്നത് അതിക്രമമാണ്. കസ്റ്റഡിയിലെടുത്ത ഒരാളെ പൊലീസ് ജീപ്പിൽ വച്ച് സി.പി.എം ഗുണ്ടകൾ ആക്രമിക്കുന്നത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ല.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു പൊലീസിനോടുള്ള തങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്തേണ്ടിവരും. സി.പി.എം നേതാക്കൾ ഉൾപ്പടെ രംഗത്തിറങ്ങിയാണ് കറുപ്പ് വസ്‌ത്രം ധരിച്ചവരെ ഓടിക്കുകയും, കറുത്ത മാസ്‌ക് അഴിച്ച് വാങ്ങുകയും ചെയ്യുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയാൽ ജനങ്ങൾ പേടിച്ച് വീട്ടിലിരിക്കേണ്ട സാഹചര്യമാണ് ഉളളതെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഷാജ് കിരണുമായി കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കട്ടെ. എന്ത് കൊണ്ടാണ് ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇ.ഡിയും, സംഘ പരിവാറും, കേരള സർക്കാറും തമ്മിൽ ധാരണയിലാണ് മുന്നോട്ട് പോകുന്നത്. പകൽ സമയത്ത് സർക്കാറിനെതിരെ പ്രതിഷേധിക്കുകയും രാത്രി സമയത്ത് സംഘ പരിവാർ സർക്കാരുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
Also Readകറുപ്പിന് വിലക്കില്ല: ആരുടെയും വഴി തടയില്ല - മുഖ്യമന്ത്രി