എറണാകുളം :കോൺഗ്രസ് പ്രതിഷേധത്തിനിടെ നടൻ ജോജു ജോര്‍ജിനെതിരായി അക്രമമുണ്ടായത് ഏത് സാഹചര്യത്തിലെന്ന് പരിശോധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടി എടുക്കും. വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അക്കാര്യം എറണാകുളം ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു. സംഘർഷത്തിലേക്ക് പോയത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണം. ഇന്ധനവില വർധനവിനെതിരായ സമരത്തിന് ശക്തിപോരെന്നായിരുന്നു വിമര്‍ശനം. എന്നാൽ ശക്തമായ സമരം നടത്തിയപ്പോൾ കുറ്റപ്പെടുത്തുകയാണ്.
ALSO READ:കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു
പല രീതിയിൽ സമരം നടത്തിയിരുന്നു. എന്നാൽ വില വർധനവ് തുടരുന്നതിനാലാണ് സമരം ശക്തമാക്കിയതെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഇന്ധനവിലക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. വഴി തടഞ്ഞുകൊണ്ടുള്ള സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം ഏതാനും പേര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു.
ജോജുവിനെതിരെ കോണ്‍ഗ്രസ് ആരോപണം
ജോജു ജോര്‍ജ് മദ്യപിച്ചെത്തി സമരത്തെ തകര്‍ക്കാൻ ശ്രമിച്ചെന്നും വനിത പ്രവര്‍ത്തകരെ ഉള്‍പ്പടെ അസഭ്യം പറയുകയും ചെയ്‌തെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. 11 മണിക്ക് തുടങ്ങിയ പ്രതിഷേധത്തിന് കോണ്‍ഗ്രസ് നേരത്തേ അനുമതി നേടിയിരുന്നു. 12 മണിവരെ ആയിരുന്നു പ്രതിഷേധം. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം കാരണം സമരം നേരത്തെ അവസാനിപ്പിച്ചു.