എറണാകുളം: എറണാകുളം കടയിരുപ്പിലുള്ള എഴിപ്രം കനാൽ ബണ്ടിന്‍റെ അശാസ്ത്രീയ നിർമാണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പെരിയാർവാലി ഹൈലെവൽ കനാലിലൂടെ വെള്ളം വരുന്ന സമയങ്ങളിൽ ബണ്ടിനോട് ചേർന്ന് താമസിക്കുന്നവർ ഓരോ ദിവസവും ഭയത്തോടെ തള്ളി നീക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അളവിൽ കവിഞ്ഞ് വെള്ളം ഒഴുകിയെത്തുമ്പോൾ ബണ്ടിന് താഴെയുള്ള അഞ്ചോളം കുടുംബങ്ങൾ വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. നാളുകളായുള്ള ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കനാൽ ബണ്ട് കെട്ടി സംരക്ഷിക്കുന്നതിന് നാല് ലക്ഷം രൂപയോളം ഫണ്ട് അനുവദിച്ച് നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. എന്നാൽ ശാസ്ത്രീയമായ രീതിയിൽ നിർമ്മാണ ജോലികൾ നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കനാൽ ബണ്ടിന്‍റെ അശാസ്ത്രീയ നിർമാണം; പ്രതിഷേധവുമായി നാട്ടുകാർ - ezhipram
അളവിൽ കവിഞ്ഞ് വെള്ളം ഒഴുകിയെത്തുകയും ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്യുന്ന അവസ്ഥയിലാണ് പ്രതിഷേധമാരംഭിച്ചത്.
ചോർച്ചയുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്നതിന് പകരം മറുവശത്ത് നിർമ്മാണ ജോലികൾ നടത്തി തങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ബണ്ട് തകരുമെന്ന ആശങ്കയിൽ ഇവിടെയുള്ള കുടുംബങ്ങളെ അടുത്തുള്ള സുരക്ഷാ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. കനാൽ നിറയെ വെള്ളം വരുമ്പോൾ കൊച്ചു കുട്ടികളടക്കമുള്ളവരെ സുരക്ഷിതമാക്കുവാനുള്ള അങ്കലാപ്പിലാണ് ഇവിടെ താമസിക്കുന്നവർ. തങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകുന്ന സാഹചര്യത്തിൽ എത്രയും വേഗം പരിഹാരം വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ കരാർ നല്കിയിരിക്കുന്ന ജോലികളുടെ സ്ഥിതിഗതികൾ വിലയിരുത്തി പരിഹാരം കാണുമെന്നാണ് പെരിയാർവാലി അധികൃതർ പറയുന്നത്