മന്ത്രി കെ.ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ സെക്രട്ടറി - മന്ത്രി ജലീല്‍
വിദ്യാര്‍ഥിക്ക് മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിച്ചുവെന്നും ഇത് അധികാര ദുര്‍വിനിയോഗമെന്നുമാണ് ഗവര്‍ണറുടെ സെക്രട്ടറിയുടെ കണ്ടെത്തല്‍
തിരുവനന്തപുരം:സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഗവര്‍ണറുടെ അനുമതി കൂടാതെ അദാലത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്നാണ് കണ്ടെത്തല്‍. സെക്രട്ടറി ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. അദാലത്തില്‍ ബി.ടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണയും പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ജലീല്‍ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥിയെ മാര്‍ക്ക് ദാനമായി നല്‍കി വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തല്‍.
വൈസ് ചാന്‍സിലര്‍ തീരുമാനം അംഗീകരിക്കാന്‍ പാടില്ലായിരുന്നു. അതുകൊണ്ട് വൈസ് ചാന്‍സിലറുടെ വിശദീകരണം തള്ളണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് രാജ്ഭവന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയത്. മാര്‍ക്ക്ദാന വിവാദത്തില്‍ നേരത്തെ തന്നെ പ്രതിരോധത്തിലായ കെ.ടി ജലീല്‍ റിപ്പോര്‍ട്ട് വന്നതോടെ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ ജലീലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.