എറണാകുളം : ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ പിടിയിലായ മലയാളികൾ ഉൾപ്പടെയുള്ള നാവികരെ മോചിപ്പിക്കാനുള്ള ഊർജിത ശ്രമം നടക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പിടിയിലായ നോർവെ കപ്പൽ ഹീറോയിക് ഇഡുവിലെ നാവികൻ സനു ജോസിന്‍റെ കൊച്ചിയിലെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സനു ജോസ് ഉൾപ്പടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സർക്കാർ നടത്തുന്ന ശ്രമങ്ങൾ മന്ത്രി കുടുംബത്തെ ധരിപ്പിച്ചു.
ഗിനിയിൽ പിടിയിലായ നാവികരെ മോചിപ്പിക്കാന്‍ ഊർജിതശ്രമം തുടരുന്നു : വി മുരളീധരൻ
ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ പിടിയിലായ മലയാളികൾ ഉൾപ്പടെയുള്ള നാവികരെ മോചിപ്പിക്കാനുള്ള ഊര്‍ജിതമായ ശ്രമം നടക്കുകയാണെന്ന് നാവികൻ സനു ജോസിന്‍റെ കൊച്ചിയിലെ വീട് സന്ദർശിച്ച ശേഷം കേന്ദ്ര മന്ത്രി വി മുരളീധരന്‍
'നൈജീരിയയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറുമായി ഫോണിൽ സംസാരിച്ചിരുന്നു. നൈജീരിയൻ അധികൃതരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ കപ്പലുള്ളത്. കപ്പൽ നൈജീരിയൻ തുറമുഖത്ത് എത്തിയാല്‍ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്ക് കപ്പലിൽ നാവികരെ സന്ദർശിക്കാനുള്ള അനുമതിക്കായി ശ്രമിക്കും'- മന്ത്രി അറിയിച്ചു.
'കപ്പൽ കമ്പനിയും നൈജീരിയൻ അധികൃതരുമായി കൂടിയാലോചന നടത്തി അവരെ മോചിപ്പിക്കാനുളള ശ്രമം ഊർജിതമാക്കണമെന്നാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. നാവികരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരമായി ബന്ധം പുലർത്തുന്നുണ്ട്. അന്താരാഷ്‌ട്ര നിയമങ്ങൾ അനുസരിച്ച് എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കാനുളള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ നിയമപരമായി സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും വി. മുരളീധരൻ പറഞ്ഞു.