എറണാകുളം:ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ സംസ്ഥാന സർക്കാറിനും പൊലീസിനുമെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി. കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. ഇത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി പ്രവർത്തകരുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്ന തരത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ അക്രമസംഭവങ്ങളെ കുറിച്ചും കൃത്യമായ അന്വേഷണം വേണം. ബി.ജെ.പി പ്രവർത്തകരെ അനാവശ്യമായി കേസിൽ കുടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.