എറണാകുളം: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വ്യാഴാഴ്‌ച കേരളത്തിലെത്തും. കൊച്ചി കപ്പൽ നിര്‍മാണശാലയില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലിന്‍റെ പുരോഗതി അവലോകനം ചെയ്യുന്നതിനായാണ് പ്രതിരോധമന്ത്രി കേരളത്തിലെത്തുന്നത്. രണ്ടുദിവസം അദ്ദേഹം കേരളത്തിലുണ്ടാകും.
വ്യാഴാഴ്‌ച കൊച്ചിയിലെത്തുന്ന പ്രതിരോധ മന്ത്രി വെള്ളിയാഴ്‌ചയാണ് കൊച്ചി കപ്പൽ നിര്‍മാണശാല സന്ദർശിക്കുന്നത്. ഈ വർഷം ആദ്യ പകുതിയിൽ പരീക്ഷണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം മാറ്റി വയ്‌ക്കുകയായിരുന്നു. 2020 ഡിസംബറിൽ വിമാനവാഹിനി കപ്പലിന്‍റെ ബേസിൻ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയിരുന്നു. കടൽ പരീക്ഷണങ്ങൾക്ക് മുൻപ് കപ്പലിന്‍റെ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഫ്ലോട്ടിങ് അവസ്ഥയിൽ പരീക്ഷിക്കുന്നതാണ് ബേസിൻ പരീക്ഷണങ്ങൾ.