തിരുവനന്തപുരം :എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി നടൻ വിനായകൻ ബഹളം വച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കണമായിരുന്നെന്ന് ഉമ തോമസ് എംഎൽഎ (Uma Thomas MLA). എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സഖാവ് എന്ന പ്രിവിലേജ് ലഭിക്കുന്നെന്ന് എംഎൽഎയുടെ വിമർശനം. തിരുവനന്തപുരത്തേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ നിൽകുമ്പോഴാണ് വിനായകന്‍റെ ദൃശ്യങ്ങൾ കാണുന്നത്. ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഫോണിൽ ശബ്‌ദം കുറയ്‌ക്കേണ്ടി വന്നു.
അത്രയും മ്ലേച്ഛമായ രീതിയിലായിരുന്നു പൊലീസ് സ്റ്റേഷനകത്ത് നിന്നുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം (Case Against Actor Vinayakan). ഇങ്ങനെയൊക്കെ ഉണ്ടായിട്ടും വിനായകന്‍റെ വൈദ്യപരിശോധനയുടെ റിസൾട്ട് വരാതെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പരിശോധന ഫലം വരാതെ തീരുമാനമെടുത്തത് തെറ്റാണ്. വിനായകൻ എന്ന നടനെ വ്യക്തിപരമായി താൻ ഇഷ്‌ടപ്പെടുന്നു. പക്ഷെ ജീവിതത്തിൽ വിഐപികൾ മാതൃകയാകണം. കുറച്ച് കൂടി ഉത്തരവാദിത്വം കാണിക്കണം.
ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുക്കണമായിരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഇത്തരം രീതികളാണ്. ഐപിസി 350 ചുമത്തണമായിരുന്നു. എല്ലാ സ്റ്റേഷനിലും സഖാവ് എന്നുള്ള പ്രിവിലേജ് ലഭിക്കുന്നു. സ്വന്തം മണ്ഡലത്തിലെ പൊലീസ് സ്റ്റേഷനുകളിൽ പോലും ഇതു നടക്കുന്നു. 'അമ്മ' പോലെയുള്ള സംഘടനകൾ ഇതിൽ ഇടപെടണം.
ഉമ്മൻ ചാണ്ടി മരിച്ചപ്പോഴും നടന്‍റെ ഭാഗത്ത് നിന്നും സമാനമായ പ്രതികരണമുണ്ടായി. ആ സംഭവത്തിൽ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ അയാൾ നന്നായി പോകുമായിരുന്നുവെന്നാണ് താൻ കരുതുന്നു. ഭാര്യയുടെ മൊഴിയെടുത്ത വനിത പൊലീസ് ആരെന്നു ചോദിച്ചാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്. തുടർനടപടികൾ ആലോചിക്കും. വിനായകനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്തിന് പിന്നാലെ സൈബർ ആക്രമണം നേരിട്ടിരുന്നു.