എറണാകുളം: ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള അപേക്ഷ പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് സമർപ്പിക്കും. അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് റീ പോസ്റ്റ്‌മോർട്ടത്തിനുള്ള അപേക്ഷ നൽകുന്നത്. അതേസമയം വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ ഉപദേശം നൽകിയ സുഹൃത്തിനെ പൊലീസ് കേസിൽ പ്രതി ചേർത്തു. തിരുവനന്തപുരം സ്വദേശിയായ ഇയാളെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എന്നാൽ ഇയാൾ ഒളിവിലാണെന്നും വരും ദിവസങ്ങളിൽ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ ഉദയംപേരൂര്‍ കൊലക്കേസിലെ പ്രതികളുടെ എണ്ണം മൂന്നായി.
ഉദയംപേരൂർ കൊലക്കേസ്; റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ഇന്ന് അപേക്ഷ നല്‍കും - re postmortal application
വിദ്യയുടെ മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിക്കാൻ ഉപദേശം നൽകിയ തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിനെ കേസിൽ പ്രതി ചേർത്തു
കൊലക്കേസിലെ പ്രതികളായ പ്രേംകുമാറിനെയും സുനിത ബേബിയെയും അന്വേഷണ സംഘം കഴിഞ്ഞദിവസം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രേംകുമാറും കൊല്ലപ്പെട്ട ഭാര്യ വിദ്യയും താമസിച്ചിരുന്ന ഉദയംപേരൂരിലെ വാടകവീട്ടിലും കൊലപാതകത്തിന് ഉപയോഗിച്ച കയർ വാങ്ങിയ കടയിലും മദ്യം വാങ്ങിയ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതേസമയം കൊല്ലപ്പെട്ട വിദ്യയുടെയും പ്രതി പ്രേംകുമാറിന്‍റെയും ആറാം ക്ലാസുകാരനായ ഇളയമകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മൂത്ത മകളെ ബന്ധുക്കൾ ഏറ്റെടുത്തെങ്കിലും കുടുംബ പ്രശ്നങ്ങൾ മൂലം മകനെ ഏറ്റെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി സംരക്ഷണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റിയിരിക്കുന്നത്.