കൊച്ചി: ഡെങ്കിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാണെങ്കിലും പനി പടരുമെന്ന ആശങ്കയിലാണ് എറണാകുളം ഉദയ കോളനി നിവാസികൾ. നിരവധി പേർക്ക് ഡെങ്കിപ്പനി ബാധിച്ചട്ടുളളതിനാൽ ജനങ്ങൾ ആകെ ആശങ്കയിലാണെന്നും പ്രദേശത്തെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് പോലും തൊഴിലാളികൾ എത്താത്ത സ്ഥിതിയാണുള്ളതെന്നും കോളനി നിവാസികൾ പറയുന്നു.
ഡെങ്കിപ്പനി ആശങ്കയിൽ ഉദയ കോളനി നിവാസികൾ - ഉദയ കോളനി നിവാസികൾ
ഡെങ്കിപ്പനി പൂർണമായും തുടച്ചുനീക്കുന്നതിനായി അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം
പ്രദേശത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ 64 സ്ഥാപനങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ബോധവത്ക്കരണ നോട്ടീസുകൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ തൃക്കാക്കര പ്രദേശത്തെ വീടുകളിലും വീട്ടുടമസ്ഥരുടെ നേതൃത്വത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളെ നിയന്ത്രിക്കാനും ഇതുവഴി രോഗപ്പകർച്ച തടയാനുമുളള പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് ആശങ്കകൾ പങ്കു വച്ച് കോളനിവാസികൾ രംഗത്ത് വന്നത്.
നേരത്തെ കലക്‌ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പുതിയ കോളനിയിലെത്തി കൊതുക് പ്രതിരോധം- ഉറവിടനശീകരണം എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഡെങ്കിപ്പനി പൂർണമായും തുടച്ചുനീക്കുന്നതിനായി അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് ഉദയ കോളനി നിവാസികളുടെ ആവശ്യം.