കൊച്ചി:കളമശേരി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റുകളിട്ടതിന് വ്ലോഗര്‍മാര്‍ക്കെതിരെ കേസ്. വ്ലോഗര്‍മാരായ ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പിഡിപി നേതാവും കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ അബ്‌ദുല്‍ നാസര്‍ മഅദനിയെ പരാമര്‍ശിച്ച് കൊണ്ട് പോസ്റ്റിട്ടതിനാണ് പൊലീസ് നടപടി.
പിഡിപി പ്രവര്‍ത്തകന്‍റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. കളമശേരി സ്‌ഫോടന കേസിനെ അബ്‌ദുല്‍ നാസര്‍ മഅദനിയുമായി ബന്ധപ്പെടുത്തും വിധത്തിലുള്ള പോസ്റ്റുകളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഐപിസി സെക്ഷൻ 153 എയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
മതം, വംശം, ജന്മസ്ഥലം, താമസ സ്ഥലം, ഭാഷ എന്നിവയെ ചൊല്ലി ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പാണ് 153 എ. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും വ്ലോഗര്‍ ലസിത പാലക്കലിനെതിരെ കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ടയിലും സമാന കേസ് : കളമശേരി സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കില്‍ വിദ്വേഷ പ്രചാരണം നടത്തിയതിന് പത്തനംതിട്ടയിലും ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴഞ്ചേരി സ്വദേശിയായ റിവ തോളൂര്‍ ഫിലിപ്പിനെതിരെയാണ് കേസ്. ഒരു പ്രത്യേക സംഘടനയുടെ പേര് പരാമര്‍ശിച്ച് അവരാണ് കളമശേരിയില്‍ സ്‌ഫോടനം നടത്തിയതെന്നും ആരോപിച്ചാണ് ഇയാള്‍ പോസ്റ്റ് പങ്കിട്ടത്.