തിരുവനന്തപുരം : ഇടമലയാർ ഡാമിന്‍റെയും പമ്പ ഡാമിന്‍റെയും രണ്ട് ഷട്ടറുകൾ തുറന്നു. ഇടമലയാറിൽ രാവിലെ ആറു മണിയോടെ 50 സെ.മീ വീതമാണ് 2,3 ഷട്ടറുകൾ തുറന്നത്. നിലവിൽ പരമാവധി 80 സെ.മി വീതം ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ നൂറ് ക്യുബിക്ക് മീറ്റർ ജലമായിരിക്കും ഒഴുക്കിവിടുക. ആശങ്ക ഉയർത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് ഡാം തുറന്നത്.
ഇടമലയാർ, പമ്പ ഡാമുകള്‍ തുറന്നു; ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ 11 മണിയോടെ തുറക്കും കെ.എസ്.ഇ.ബി ലിമിറ്റഡിന്‍റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ 30സെന്‍റി മീറ്ററാണ് ഉയർത്തിയത്. ജില്ല ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉത്തരവനുസരിച്ചാണ് ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്.
രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി 25 ക്യുമെക്‌സ് മുതല്‍ പരമാവധി 50 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പ നദിയിലേക്ക് ഒഴുക്കി വിടുന്നത്. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തുന്നതാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടര്‍ അറിയിച്ചു.
ഇടുക്കി തുറന്നു മൂന്ന് വർഷത്തിന് ശേഷം
ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് 11 മണിയോടെ തുറന്നു. ഇടമലയാറിൽ നിന്നും പുറന്തള്ളുന്ന വെള്ളം എട്ടു മണിയോടെ ഭൂതത്താൻകെട്ടിലും 12 മണിയോടെ കാലടി- ആലുവ ഭാഗത്തും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലവും 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തും.
ഈ അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേകിച്ചും, മറ്റുള്ളവർ പൊതുവെയും ജാഗ്രത പാലിക്കണം. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രതാനിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഓരോ മണിക്കൂർ വ്യത്യാസത്തിൽ ജലനിരപ്പ് പരസ്യപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളും നിർദേശിക്കുക. വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിക്കുന്നവർക്കായി ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പൊലീസ്, റവന്യു, തദ്ദേശസ്ഥാപന അധികൃതർ മാർഗനിർദേശം നൽകും.
ALSO READ :ഡാമുകള്‍ തുറക്കല്‍ : അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളത്. ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.